International Uncategorized

ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് മക്കയിലും മദീനയിലും പ്രവേശിക്കാം

ഏഴു മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കൊപ്പം മക്ക, മദീന ഹറമുകളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. തവക്കല്‍നാ അപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. കൊവിഡിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് ഹറമുകളില്‍ പ്രവേശനം നിരോധിച്ചത്. ഇതുവരെ 12 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോള്‍ അത് ഏഴ് വയസിന് മുകളിലുള്ളവര്‍ക്കാക്കി.

അതേസമയം സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്‌സിറ്റ് റദ്ദാക്കാന്‍ കഴിയില്ല. സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. പ്രൊബേഷന്‍ കാലത്ത് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഫീസ് നല്‍കേണ്ടതില്ല.

സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന സേവനം അബ്‍ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ആരംഭിച്ചിട്ടുണ്ട്. ഇത് ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കേണ്ടതില്ലാതെ വിദേശികള്‍ക്ക് എളുപ്പത്തില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ തൊഴിലുടമകളെ സഹായിക്കുന്നു. സ്വകാര്യ മേഖലാ തൊഴിലുടമകള്‍ക്കു മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക.