Uncategorized

സച്ചിൻ തെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു

ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ യുഎഇയിൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നു. മുംബൈ ഇന്ത്യൻസ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം പങ്കുവച്ചത്. മുംബൈ ഇന്ത്യൻസിൻ്റെ നായകനായിരുന്ന സച്ചിൻ പിന്നീട് വിരമിച്ചെങ്കിലും താരം ഇപ്പോഴും ടീമിൻ്റെ ഉപദേശകനായി ഒപ്പമുണ്ട്. (sachin tendulkar mumbai indians)

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് ബാധ രൂക്ഷമായതിനെ തുടർന്നാണ് ഐപിഎൽ സീസൺ പാതിയിൽ വച്ച് നിർത്തിയത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കൊവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവർത്തകരും കഴിയുക.

ഓരോ മൂന്ന് ദിവസത്തിലും ഐപിഎലിൽ ആർടിപിസിആർ പരിശോധനകൾ സംഘടിപ്പിക്കും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ ഓരോ അഞ്ച് ദിവസത്തിലുമായിരുന്നു പരിശോധന. 100 പേരടങ്ങുന്ന വൈദ്യ സംഘമാണ് ഐപിഎലിൽ വൈദ്യ സേവനങ്ങൾ നൽകുക. ഓരോ മത്സരത്തിനും ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ഓഫീസർമാർ, ലാബ് ടെക്നീഷ്യന്മാർ എന്നിവരടങ്ങുന്ന രണ്ട് വൈദ്യ സംഘം ഓരോ മത്സരത്തിലും സ്റ്റേഡിയത്തിലുണ്ടാവും. താരങ്ങൾ ഐപിഎലിനെത്തും മുൻപ് ദുബായിലെയും അബുദാബിയിലെയും 14 ഹോട്ടലുകളിലെ 750ലധികം ജീവനക്കാരെ വിപിഎസ് ഹെൽത്ത്‌കെയർ കൊവിഡ് പരിശോധന നടത്തും. നിലവിൽ യുഎഇയിലുള്ള മുംബൈ ഇന്ത്യൻസിൻ്റെയും ചെന്നൈ സൂപ്പർ കിംഗ്സിൻ്റെയും താരങ്ങളെ ഓഗസ്റ്റ് 13 മുതൽ കൊവിഡ് പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്.