International Uncategorized

Ukraine Crisis : കേഴ്സൻ പിടിച്ചെടുത്ത് റഷ്യ, ആണവ യുദ്ധം ചിന്തയിൽ പോലുമില്ലെന്ന് വിദേശകാര്യമന്ത്രി

Ukraine crisis  ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല. അത് നിരന്തരം ഉയരുന്നത് പാശ്ചാത്യ രാഷ്ട്രീയക്കാരുടെ തലയിലാണ്. അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി

മോസ്കോ: യുക്രൈനിൽ (Ukraine) ആണവ യുദ്ധ (Nuclear war) ഭീഷണി ഉയർത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ (Russia) പരിഗണനയിലില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ (Russia’s Foreign Minister Sergei Lavrov). റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണെന്നും യുക്രൈനുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിദേശ മാധ്യമങ്ങളോട് പ്രതികരിച്ചു. റഷ്യ- യുക്രൈൻ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. 

“മൂന്നാം ലോക മഹായുദ്ധം ആണവായുധം ഉപയോഗിച്ചാകുമെന്നുറുപ്പാണ്. എന്നാൽ ആണവയുദ്ധം എന്ന ആശയം റഷ്യയുടേതല്ല. അത് നിരന്തരം ഉയരുന്നത് പാശ്ചാത്യ രാഷ്ട്രങ്ങളുടെ തലയിലാണ്. അമേരിക്കയും നാറ്റോയുമാണ് ആണവായുധ ഭീഷണി ഉയർത്തുന്നതെന്നും റഷ്യൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി. 

യുക്രൈനിൽ യുദ്ധം നടത്തുന്ന റഷ്യക്കുള്ളത് പരിമിതമായ ആവശ്യങ്ങളാണെന്നാണ് സെര്‍ജി ലാവ്റോയുടെ വിശദീകരണം. യുക്രൈനിൽ നിന്നും റഷ്യ നേരിടുന്ന ഭീഷണി ഇല്ലാതാക്കുകയാണ് റഷ്യയുടെ ഉദ്ദേശം. അതിന് വേണ്ടിയാണ് യുക്രൈനിലേക്ക് റഷ്യൻ സൈന്യം കടന്നത്. റഷ്യക്ക് ഭീഷണിയായ ആയുധങ്ങൾ യുക്രൈനിൽ ഉണ്ടാവരുത്. അത്തരം ആയുധങ്ങളെല്ലാം യുക്രൈൻ നശിപ്പിക്കണം. ഫ്രാൻസുമായി റഷ്യ ചർച്ച നടത്തിയിട്ടുണ്ട്. അമേരിക്കയുമായും ആശയവിനിമയും ഉണ്ട്. യുക്രൈൻ- റഷ്യ ചർച്ചകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്  അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം, യുക്രൈൻ നഗര ഭരണ കേന്ദ്രമായ കേഴ്സൻ നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തു. നീപർ നദി തീരത്തെ പ്രധാന നഗരമാണ് കേഴ്സൻ. കരിങ്കടലിൽ നിന്നും യുക്രൈൻ തലസ്ഥാനമായ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി. യുക്രൈനിൽ കടന്ന റഷ്യൻ സൈന്യം എട്ട് ദിവസത്തിന് ശേഷമാണ്  കേഴ്സൻ നഗരം പിടിച്ചെടുത്തത്. എന്നാൽ റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനെ വധിച്ചെന്നും റഷ്യൻ വിമാനം വീഴ്ത്തിയെന്നും യുക്രൈനും അവകാശപ്പെട്ടു.