Uncategorized

ഐപിഎൽ: സഞ്ജുവും സംഘവും ഇന്നിറങ്ങും; നേരിടേണ്ടത് ഹൈദരാബാദിനെ

ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. കെയിൻ വില്ല്യംസൺ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ആണ് രാജസ്ഥാൻ റോയൽസിൻ്റെ എതിരാളികൾ. ഇന്ന് രാത്രി 7.30ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ സീസണിൽ കിരീടധാരികളായതിനു ശേഷം മൂന്ന് തവണ മാത്രം പ്ലേ ഓഫ് കളിച്ച രാജസ്ഥാൻ ടീം സ്ട്രക്ചറും ഫിലോസഫിയുമൊക്കെ മാറ്റിയാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. ലേലത്തിൽ സമർത്ഥമായി ഇടപെട്ട അവർ ഒരുപിടി മികച്ച താരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. ഡെത്ത് ബൗളിംഗ് ഇപ്പോഴും ഒരു ആശങ്കയായി നിലനിൽക്കുന്നുണ്ടെങ്കിലും ബാക്കി മേഖലകൾ കടലാസിലെങ്കിലും മികച്ചതാണ്.

ബട്‌ലറും ജെയ്സ്‌വാളും ഓപ്പൺ ചെയ്യുമ്പോൾ ദേവ്ദത്ത് മൂന്നാം നമ്പറിലിറങ്ങുന്നത് എത്രത്തോളം വിജയിക്കുമെന്ന ആശങ്കയുണ്ട്. സഞ്ജു നാലാം നമ്പറിലാവുമ്പോൾ ടീമിൻ്റെ ബാലൻസ് നഷ്ടപ്പെടുമോ എന്ന സംശയവുമുണ്ട്. ഈ ബാറ്റിംഗ് ഓർഡർ ക്ലിക്കായാൽ രാജസ്ഥാൻ്റെ യാത്ര സുഗമമാവും. പിന്നീട് ഹെട്‌മെയർ, റിയൻ പരഗ് എന്നിവർ ലോവർ ഓർഡറിൽ നിർണായക താരങ്ങളാവും. ജിമ്മി നീഷം, നഥാൻ കോൾട്ടർനൈൽ എന്നിവരിൽ ഒരാളേ കളിക്കൂ. ട്രെൻ്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഫസ്റ്റ് ചോയിസ് പേസർമാരും അശ്വിൻ, ചഹാൽ എന്നിവർ സ്പിന്നർമാരും ആവും. കരുൺ നായർ, റസ്സി വാൻഡർ ഡസ്സൻ, ഡാരിൽ മിച്ചൽ തുടങ്ങി മികച്ച താരങ്ങൾ ബെഞ്ചിലാവും.

സൺറൈസേഴ്സ് ആവട്ടെ ലേലത്തിൽ ഒരു പദ്ധതിയുമില്ലാതെയാണ് ഇടപെട്ടത്. അതുകൊണ്ട് തന്നെ പരിശീലക സംഘത്തിൽ പൊട്ടിത്തെറിയുണ്ടായി. സഹപരിശീലകൻ സൈമൻ കാട്ടിച്ച് ടീം വിടുകയും ചെയ്തു. റാഷിദ് ഖാനെ നിലനിർത്താതെയാണ് അവർ ലേലത്തിലെത്തിയത്. ഭേദപ്പെട്ട ചില താരങ്ങൾ ടീമിലുണ്ടെങ്കിലും ബാലൻസ്ഡ് ആയ ഒരു ഇലവനെ ഇറക്കാൻ സൺറൈസേഴ്സ് വിയർക്കും. രാഹുൽ ത്രിപാഠിയും അഭിഷേക് ശർമ്മയുമാവും ഓപ്പണിംഗ്. വില്ല്യംസൺ മൂന്നാം നമ്പറിലെത്തുമ്പോൾ മാർക്രം, പൂരാൻ എന്നിവർ യഥാക്രമം നാല്, അഞ്ച് നമ്പരുകളിൽ കളിക്കും. പക്ഷേ, ഈ നീക്കം വിജയിക്കുമോ എന്ന് കണ്ടെറിയേണ്ടതാണ്. ആറാം നമ്പരിൽ അബ്ദുൽ സമദ് കളിക്കുമ്പോൾ ഏഴാം നമ്പരിലെത്തുന്ന വാഷിങ്ടൺ സുന്ദർ ഫിനിഷർ റോളിൽ പരാജയപ്പെടാനാണ് സാധ്യത. ഭുവി, നടരാജൻ എന്നിവർ ഫസ്റ്റ് ചോയിസ് പേസർമാരാവും. മാർക്കോ ജാൻസൺ, റൊമാരിയോ ഷെപ്പേർഡ് എന്നിവരിൽ ഒരാൾ മൂന്നാം പേസറാവും. സുന്ദർ സ്പിൻ ഓപ്ഷനാവുമ്പോൾ നാലാമതൊരു പേസർക്കുള്ള സാധ്യതയുണ്ട്. അത് ഉമ്രാൻ മാലിക്കാവും. രണ്ടാമതൊരു സ്പിന്നർ ടീമിലെത്തുമെങ്കിൽ ശ്രേയാസ് ഗോപാൽ ടീമിലെത്തും. കാർത്തിക് ത്യാഗി, ഗ്ലെൻ ഫിലിപ്സ്, വിഷ്ണു വിനോദ് തുടങ്ങി മികച്ച താരങ്ങൾ ബെഞ്ചിലിരിക്കും.