അര്‍ണബിന്റെ അഭിഭാഷകനായ ഹരിഷ് സാല്‍വെയാണ് സുപ്രിംകോടതിയില്‍ വാദത്തിനിടെ ഇക്കാര്യം പറഞ്ഞത്…
റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. അര്‍ണബിന്റെ അഭിഭാഷകനായ ഹരിഷ് സാല്‍വെയാണ് സുപ്രിംകോടതിയില്‍ വാദത്തിനിടെ ഇക്കാര്യം പറഞ്ഞത്. പല്‍ഗര്‍ സംഭവം വര്‍ഗീയവല്‍ക്കരിച്ചെന്ന കേസില്‍ ഏപ്രില്‍ 28നാണ് മുംബൈ പൊലീസ് അന്വേഷണസംഘം അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്.
അര്‍ണബിനെതിരെ പുതിയ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച നടപടിയേയും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരിഷ് സാല്‍വെ വാദത്തിനിടെ ചോദ്യം ചെയ്തു. ഏപ്രില്‍ 14ന് ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം തൊഴിലാളികള്‍ പ്രതിഷേധിച്ചതിന് അടുത്തുള്ള മുസ്‌ലിം പള്ളിയുമായി ചേര്‍ത്ത് വ്യാജവാര്‍ത്തയുണ്ടാക്കി പ്രചരിപ്പിച്ചെന്നായിരുന്നു പുതിയ കേസ്. തന്റെ കക്ഷിക്കെതിരായ ഭീഷണിയായാണ് ഹരീഷ് സാല്‍വെ ഈ പരാതിയെ സുപ്രീംകോടതിയില്‍ അവതരിപ്പിച്ചത്.
പല്‍ഗാര്‍ സംഭവം വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്നും ഹരീഷ് സാല്‍വെ അറിയിച്ചു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിപല്‍ ഇതിനെ എതിര്‍ത്തു. മഹാരാഷ്ട്ര തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ സംഭവത്തില്‍ അര്‍ണബിനെതിരെ പരാതി വന്നിരുന്നു. തുടര്‍ന്ന് അര്‍ണബിന്റെ അപേക്ഷ പരിഗണിച്ച് സുപ്രീംകോടതി പരാതികളുടെ മറ്റു നടപടികള്‍ മുംബൈയിലേക്ക് മാറ്റി അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.
അന്വേഷണം അട്ടിമറിക്കാന്‍ അര്‍ണബ് ശ്രമിക്കുന്നുവെന്ന് കാണിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ മെയ് നാലിന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. റിപ്പബ്ലിക് ടിവിയിലെ ഷോകളിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പരാതിപ്പെട്ടിരുന്നു. മുംബൈയില്‍ പൊലീസ് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരായപ്പോള്‍ തന്റെ മാധ്യമസംഘത്തെ ഉപയോഗിച്ച് അര്‍ണബ് ഗോസ്വാമി പൊലീസ് സ്റ്റേഷനിലും പരിസരത്തും കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.