Uncategorized

‘പപ്പു’ പ്രയോഗം, ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ പിശക്;വിശദീകരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലെ പപ്പു പരാമര്‍ശത്തില്‍ വിശദീകരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്. ജാഗ്രതക്കുറവ് കൊണ്ടുണ്ടായ പിശകാണ് തലക്കെട്ടിന് പിന്നിലെന്ന് മനോജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപ്പിക്കുന്നതും ഞങ്ങളുടെ രീതിയല്ല എന്ന് വിശദീകരിച്ച പി എം മനോജ് അങ്ങനെ ഒരു വാക്ക് വന്നത് അനുചിതമാണെന്നും പറഞ്ഞു.

‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്നായിരുന്നു ഇന്ന് ദേശാഭിമാനിയുടെ എഡിറ്റോറിയലിന്റെ തലക്കെട്ട്. ഇത് വിവാദമായ സാഹചര്യത്തിലാണ് പി എം മനോജ് വിശദീകരണ പോസ്റ്റുമായി രംഗത്തെത്തിയത്. പറ്റിയത് ജാഗ്രതക്കുറവാണെന്ന് സമ്മതിച്ച ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ ഇത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും മടിച്ചു നില്‍ക്കില്ലെന്ന് വ്യക്തമാക്കി.

രാഹുലിനെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്.