ലോക്സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനശേഷവും നേതാക്കളുടെ കൂട്ട കൂറ് മാറ്റം തലവേദനയായി കോണ്‍ഗ്രസ്. ഗുജറാത്തില്‍ നാല് കോണ്‍ഗ്രസ് എം.എല്‍.മാർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിന്‍റെ മകന്‍ സുജയ് വിഖെ പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളില്‍ ഇടത് ധാരണയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് ദീപ ദാസ് മുന്‍ഷിയും ബി.ജെ.പിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ടുകൾ.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറുമ്പോൾ മറുഭാഗത്ത് ഓപ്പറേഷന്‍ താമര മുന്നേറുകയാണ്. ഞെട്ടിച്ചത് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പട്ടേലിന്‍റെ മകന്‍ സുജയ് വിഖെ പട്ടേലാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ സാന്നിധ്യത്തിലായിരുന്നു സുജയ് പട്ടേല്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
ഗുജറാത്തില്‍ ഒരു മാസത്തിനിടെ രാജിവെച്ച് ബി.ജെ.പിയിലെത്തിയത് നാല് എം.എല്‍.എമാർ. ഒരാള്‍ മന്ത്രിയായി. ബംഗാളില്‍ കോണ്‍ഗ്രസ് എം.എല്‍.എ ദുലാല്‍ ചന്ദ്ര ബാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അനുപം ഹസ്റ, സി.പി.എം എം.എല്‍.എ ഖാഗെന്‍ മുര്‍മു എന്നിവരും ദുലാല്‍ ചന്ദ്ര ബാര്‍ക്കൊപ്പം ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
ബംഗാളില്‍ കോണ്‍ഗ്രസിന്റ ശക്തനായ നേതാക്കളില്‍ ഒരാളായിരുന്ന പ്രിയരജ്ഞന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ ദീപ ദാസ് മുന്‍ഷി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സി.പി.എമ്മുമായുള്ള തെരഞ്ഞെടുപ്പ് ധാരണയാണ് അതൃപ്തിക്ക് കാരണം. 2009ൽ ദിപാ ദാസ് വിജയിച്ച റായ്ഗഞ്ചിൽ സി.പി.എം സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1,634 വോട്ടിനാണ് ദീപ ദാസ് മുന്‍ഷി പരാജയപ്പെട്ടത്.