Uncategorized

ആഗോള വിപണിയിൽ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; ഒപെക് രാജ്യങ്ങള്‍ക്ക് വന്‍നേട്ടം

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇന്നലെ മാത്രം മൂന്നു ശതമാനത്തിലേറെ വർധന. പതിനാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എണ്ണവില ഉയർന്നത് ഗൾഫിലെയും മറ്റും ഉൽപാദക രാജ്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും.

അസംസ്കൃത എണ്ണവില ബാരലിന് രണ്ടര ഡോളറോളമാണ് പുതുതായി ഉയർന്നത്. ഇതോടെ ബാരലിന് എണ്ണവില 69 കടന്നു. വരുംദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കാനാണ് സാധ്യത. ഏറ്റവും കൂടുതൽ എണ്ണ ഉൽപാദനം നടത്തുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വൻതുകയുടെ നേട്ടമാണ് ഇതിലൂടെ ലഭിക്കുക. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള സാമ്പത്തിക തകർച്ചക്കിടയിൽ അപ്രതീക്ഷിത വരുമാനവർധന കൂടിയാണിത്.

ഉൽപാദനം ഉയർത്തുന്നതു സംബന്ധിച്ച തീരുമാനം ഏപ്രിൽ മാസം വരെ നീട്ടാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനമാണ് വിപണിയിൽ വീണ്ടും വില ഉയരാൻ കാരണമായത്. പ്രതിദിന എണ്ണ ഉൽപാദനത്തിൽ ഒന്നര ദശലക്ഷം ബാരൽ കുറവ് വരുത്താൻ കഴിഞ്ഞ വർഷമാണ് ഒപെക് തീരുമാനിച്ചത്. നടപ്പുമാസം തീരുമാനം പുനഃപരിശോധിക്കുമെന്നും ഉൽപാദനം ഉയർത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ അടുത്തമാസം വരെ തൽസ്ഥിതി തുടരാനാണ് കഴിഞ്ഞ ദിവസം ചേർന്ന ഒപെക് മന്ത്രിതല യോഗം തീരുമാനിച്ചത്. ഉൽപാദനം വർധിപ്പിക്കണമെന്ന ആവശ്യം ഇന്ത്യ ഉൾപ്പെടെ നിരവധി ഇറക്കുമതി രാജ്യങ്ങൾ മുന്നോട്ടു വെച്ചെങ്കിലും ഒപെക് അംഗീകരിച്ചില്ല.