പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലാന്‍ഡ്. പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്നിങ്‌സിനും 176 റണ്‍സിനുമാണ് പാകിസ്താന്‍ തോറ്റത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ന്യൂസിലാന്‍ഡ് 2-0ത്തിന് സ്വന്തമാക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ പൊരുതിയെങ്കിലും 101 റണ്‍സിന് പാകിസ്താന്‍ തോറ്റു. രണ്ട് ഇന്നിങ്‌സിലുമായി പതിനൊന്ന് വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ കെയില്‍ ജമിയേഴ്‌സണ്‍ ആണ് പാകിസ്താന്റെ എല്ലാം തകര്‍ത്തത്. ജമിയേഴ്‌സണാണ് കളിയിലെ താരവും.
ആദ്യം ബാറ്റ് ചെയ്ത പാകിസ്തന്‍ നേടിയത് 297 റണ്‍സ്. അസ്ഹര്‍ അലി 93, വിക്കറ്റ് കീപ്പര്‍ റിസ്‌വാന്‍ 61, ഫഹീം അഷ്‌റഫ് 48 എന്നിവരാണ് പാകിസ്താന്‍ നിരയില്‍ റണ്‍സ് കണ്ടെത്തിയത്. മറ്റുള്ളവരെല്ലാം ജമിയേഴ്‌സണിന്റെ മാരക ഏറിന് മുന്നില്‍ വീഴുകയായിരുന്നു. അഞ്ച് വിക്കറ്റാണ് താരം ആദ്യ ഇന്നിങ്‌സില്‍ വീഴ്ത്തിയത്. സൗത്തിയും ട്രെന്‍ഡ് ബൗള്‍ട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പിന്തുണ കൊടുത്തു. മറുപടി ബാറ്റിങില്‍ 659 എന്ന കൂറ്റന്‍ സ്‌കോറാണ് കിവികള്‍ കെട്ടിപ്പടുത്തത്. കെയിന്‍ വില്യംസണിന്റെ ഇരട്ട സെഞ്ച്വറി(238) ഹെന്റി നിക്കോളാസിന്റെ സെഞ്ച്വറി (157) എന്നിവയാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ ഹൈലൈറ്റ്.
362 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റെടുത്ത പാകിസ്താന് അവിടെയും പിഴച്ചു. 186 റണ്‍സിന് എല്ലാവരും പുറത്ത്. 37 റണ്‍സെടുത്ത സഫര്‍ ഗൊഹറാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സില്‍ ജമിയേഴ്‌സണ്‍ ആറു വിക്കറ്റാണ് വീഴ്ത്തിയത്. തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത കെയിന്‍ വില്യംസണാണ് പരമ്പരയിലെ താരം