ഗേറ്റ് പൊളിച്ച് അകത്ത് കയറിയ പൊലീസ് യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തി.
എറണാകുളം മുളന്തുരുത്തി യാക്കോബായ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയത്. ഗേറ്റ് പൊളിച്ച് അകത്ത് കയറിയ പൊലീസ് യാക്കോബായ വിശ്വാസികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പ്രതിഷേധവുമായി എത്തി.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് പള്ളി ഏറ്റെടുക്കാന്‍ നേരത്തെ പൊലീസ് എത്തിയിരുന്നുവെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടിവന്നു. ഓര്‍ത്തഡോക്സ് സഭ തുടര്‍ന്ന് വീണ്ടും കോടതിയെ സമീപിച്ചു. എത്രയും പെട്ടെന്ന് പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി നല്‍കിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ജില്ലാഭരണകൂടം പള്ളി ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയത്.
എന്നാല്‍ സാവകാശം വേണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്. ഇന്ന് ഹൈക്കോടതി ഹരജി പരിഗണിക്കുന്നതിനാല്‍ 10 മണി വരെ സാവകാശം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കോടതി കലക്ടര്‍ക്ക് അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ 5.30ന് പൊലീസ് പള്ളിയില്‍ എത്തിയത്. പ്രതിഷേധിച്ച വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ നീക്കാന്‍ പൊലീസിന് ബലംപ്രയോഗിക്കേണ്ടിവന്നു.