താന്‍ എഞ്ചിനിയറിങ് ബിരുദധാരിയാണെന്ന് നരേന്ദ്ര മോദി പറയുന്ന കന്നഡ വാരികയിലെ റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 1992ല്‍ കന്നഡ വാരിക തരംഗയോടാണ് മോദി എഞ്ചിനിയറിങില്‍ ബിരുദമുണ്ടെന്ന് പങ്കുവെക്കുന്നത്. 1992 ജനുവരി 26 ലക്കം തരംഗയിലാണ് മോദിയുടെ ഈ വാദം അച്ചടിച്ചുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം സഹിതമാണ് പ്രസിദ്ധീകരിച്ചത്.
1974 ല്‍ ജയപ്രകാശ് നാരായണ്‍ നയിച്ച നവനിര്‍മ്മാണ്‍ യാത്രയില്‍ പങ്കാളിയായിരുന്നെന്നും ഇതോടെയാണ് താന്‍ ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ടതെന്നും ശേഷം ആര്‍.എസ്.എസില്‍ സജീവമായെന്നുമാണ് മോദിയുടെ വാക്കുകള്‍. സംഘത്തിന്റെ സൗരാഷ്ട്ര വിഭാഗ് കാര്യകര്‍ത്തയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വികാസത്തിനായി പരിശ്രമിച്ചെന്നും മോദി തരംഗയോട് പറയുന്നു. താന്‍ അവിവാഹിതനാണെന്നും വ്യക്തമാക്കുന്നുണ്ട്.
അതേസമയം താന്‍ ബിരുദാനന്തര ബിരുദ ധാരിയാണെന്നാണ് 2019 ലോക്സഭാ തെരഞ്ഞടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികയില്‍ മോദി വ്യക്തമാക്കിയിരുന്നത്. ഭാര്യയുടെ പേരിന് താഴെ യശോദബെൻ എന്ന് രേഖപ്പെടുത്തിയിരുന്നു. 1967 ല്‍ ഗുജറാത്തില്‍ നിന്ന് എസ്എസ്എസി ബോര്‍ഡ് എക്‌സാം പാസായി. 1978 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും 1983 ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. എന്നാല്‍ ഇത് രണ്ടും ഏത് വിഷയത്തിലാണെന്ന് വ്യക്തമാക്കിയിരുന്നില്ല. 2014 ലെ നാമനിര്‍ദേശ പത്രികയിലും ഇതുതന്നെയായിരുന്നു പരാമര്‍ശിച്ചിരുന്നത്.
മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് അടിമുടി ദുരൂഹതകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെയും മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിഷയം ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്നും വ്യക്തമായ മറുപടി പറയാന്‍ ബി.ജെ.പി നേതൃത്വത്തിനായിരുന്നില്ല.
1987-88 കാലഘട്ടത്തില്‍ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടെന്നും ഇ-മെയിൽ ചെയ്തിട്ടുമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് പിന്നാലെയാണ് ഈ വാരികയുടെ റിപ്പോര്‍ട്ടും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ന്യൂസ് നാഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി യുക്തിരഹിതമായ വാദങ്ങള്‍ അവതരിപ്പിച്ചത്. അഭിമുഖത്തിലെ മോദിയുടെ ‘സ്വന്തം’ റഡാര്‍ തിയറി സാമൂഹിക മാധ്യമങ്ങളില്‍ വലിയ പരിഹാസത്തിന് വഴിവെച്ചിരുന്നു.