കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 5 വര്‍ഷത്തെ മോദി ഭരണം രാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കിയതായി മന്‍മോഹന്‍ സിങ് പറഞ്ഞു. മോദിക്ക് പുറത്തേക്കുള്ള വഴികാട്ടാന്‍ ജനം തെരഞ്ഞെടുപ്പിനെ വിനിയോഗിക്കുകയാണെന്നും അദ്ദേഹം പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
കടുത്ത ഭാഷയിലാണ് മന്‍മോഹന്‍ സിങ് നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക്, വിശേഷിച്ച് യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും ഏറ്റവും ദുരിതപൂര്‍ണമായ കാലമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം. മോദി ഭരണം സാമ്പത്തിക വ്യവസ്ഥിതി തകര്‍ത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതിക്കെതിരെയെന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയവര്‍ക്കെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു. നോട്ടുനിരോധം അതിലേറ്റവും വലിയ അഴിമതിയായിരുന്നു. വായ്പാ തട്ടിപ്പുകാരെ രാജ്യം വിടാന്‍ അനുവദിച്ചതും മോദി തന്നെയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
പാകിസ്താനോടുള്ള രാജ്യത്തിന്റെ സമീപനം അപ്പാടെ പാളി. ദേശസുരക്ഷയെപ്പറ്റി വാതോരാതെ പറയുന്ന മോദിയുടെ കാലത്ത് തന്നെയാണ് ജമ്മുകശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ 176 ശതമാനം വര്‍ധിച്ചതും ഏറ്റവും കൂടുതല്‍ സൈനികരെ നഷ്ടമായതും.
ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് പുല്‍വാമ ഭീകരാക്രമണമെന്ന് ചൂണ്ടിക്കാട്ടിയ സിങ്, ആക്രമണത്തിന് ശേഷം സുരക്ഷാ കാര്യ കാബിനറ്റ് കമ്മിറ്റി ചേരേണ്ട സമയത്ത് പ്രധാനമന്ത്രി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വിഡിയോ ചിത്രീകരികണത്തിലായിരുന്നുവെന്നും പരിഹസിച്ചു.