Uncategorized

‘കടക്കൽ ചന്ദ്രൻ പിണറായിയുടെ കഥയല്ല’; വിശദീകരണവുമായി അണിയറ പ്രവർത്തകർ

കൊച്ചി: മമ്മൂട്ടി നായകനായ ‘വൺ’ സിനിമ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയല്ലെന്ന് അണിയറ പ്രവർത്തകർ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്യപ്പെടുന്ന സിനിമയ്‌ക്കെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് അണിയറ പ്രവർത്തകരുടെ വിശദീകരണം. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

‘പൊതുജനങ്ങളുടെ വീക്ഷണ കോണിൽ നിന്നാണ് നമ്മൾ കഥയെ സമീപിച്ചിട്ടുള്ളത്. വിഷയത്തെ മുൻവിധിയോടെ എടുത്തിട്ടില്ല. നിലവിലെ മന്ത്രിസഭയുമായോ മുഖ്യമന്ത്രിയുമായോ ബന്ധിപ്പിക്കുന്ന ഒന്നും സിനിമയിലില്ല’ – തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘കഥാപാത്രം വസ്തുനിഷ്ഠമാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സിനിമയിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം സിനിമയിലെ കേന്ദ്രകഥാപാത്രമാകുന്നത്’ – സഞ്ജയ് വിശദീകരിച്ചു.

സന്തോഷ് വിശ്വനാഥാണ് ചിത്രത്തിന്റെ സംവിധായകൻ. ഗോപിസുന്ദർ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും. ജോജു ജോർജ്ജ്, മുരളി ഗോപി, നിമിഷ സജയൻ, മധു, അലൻസിയർ, ബിനു പപ്പു, രഞ്ജിത് ബാലകൃഷ്ണൻ, ബാലചന്ദ്രമേനോൻ, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാർ, തോമസ് മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

നേരത്തെ, വിവേക് ഒബ്‌റോയ് നായകനായ നരേന്ദ്രമോദിയുടെ ജീവചരിത്ര സിനിമ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് തൊട്ടുമുമ്പ് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ തടയിട്ടിരുന്നു. ഫലം പ്രഖ്യാപിച്ച ശേഷമാണ് പിന്നീട് സിനിമ റിലീസ് ചെയ്തത്.