India Kerala Uncategorized

മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി

മലേഷ്യയില്‍ കപ്പൽ ജോലിക്കായി പോയി കബളിപ്പിക്കപ്പെട്ട മലയാളികളെ രക്ഷപ്പെടുത്തി. ഇവരുടെ യാത്രാ രേഖകൾ എംബസി തയ്യാറാക്കി. അടുത്ത ദിവസം തന്നെ ഇവരെ കേരളത്തിൽ എത്തിക്കും. മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് പുറത്ത് കൊണ്ടുവന്നത് മീഡിയവണാണ്.

കപ്പലില്‍ സീമാന്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഏജന്റുമാര്‍ കോട്ടയം,കണ്ണൂര്‍ സ്വദേശികളടങ്ങുന്ന യുവാക്കളുടെ സംഘത്തെ മലേഷ്യയിലെത്തിച്ചത്. വിസയ്ക്കും മറ്റ് ചെലവുകള്‍ക്കുമായി രണ്ട് ലക്ഷം രൂപയും ഈടാക്കി. എന്നാല്‍ ലഭിച്ചത് ബോട്ടിലെ പണി. പിന്നീട് കരയിലേക്ക് മാറ്റി. എല്ലാം നിയമവിരുദ്ധമാണെന്ന് മനസിലാക്കിയപ്പോഴേക്കും വൈകി. പരാതിപ്പെട്ടയാളെ ഏജന്റ് മര്‍ദ്ദിച്ചതായും ഇവര്‍ പറയുന്നു.

ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായായെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനായി മലയാളികളും സാമൂഹിക പ്രവര്‍ത്തകരുമായ ആബിദ് അടിവാരം, നസീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ നിയമവിരുദ്ധമായി ജോലി ചെയ്ത ഒരാളുടെ കൈവിരലുകള്‍ ജോലിക്കിടെ അറ്റുപോയ സംഭവം അടുത്തിടെ പുറത്ത് വന്നിരുന്നു.