തമിഴ്‌നാട്ടില്‍ പൊതുചടങ്ങുകള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടി. പൊതുപരിപാടികള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. ഉത്സവങ്ങള്‍, രാഷ്ട്രീയ-സാംസ്‌കാരിക-മത പരിപാടികള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതും കൊവിഡ് മൂന്നാംതരംഗ ഭീഷണിയും പരിഗണിച്ചാണ് തീരുമാനം.
സംസ്ഥാനത്തെ മറ്റ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി ജനങ്ങള്‍ പൊതുപരിപാടികള്‍ നടത്തുകയോ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നതായും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബസ് സര്‍വീസുകള്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം തമിഴ്‌നാട്ടില്‍ നിലവില്‍ നല്‍കിയിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ അതേരീതിയില്‍ തുടരും.