കുട്ടികളുടെ മനസിലെ നിഷ്കളങ്കതകൾ മാത്രമല്ല കാപട്യങ്ങളും തനിക്ക് കൈകാര്യം ചെയ്യാനാവുമെന്ന് ഗപ്പി എന്ന ആദ്യ സിനിമയിലൂടെ തെളിയിച്ച സംവിധായകൻ ആണ് ജോൺ പോൾ ജോർജ്. തന്റെ രണ്ടാമത്തെ ചിത്രത്തിൽ ജോൺ പോൾ ജോർജ് പരിചയപ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ മനസുള്ള ഒരു നായകകഥാപാത്രത്തെ ആണ്. നായകന്റെ പേര് തന്നെ സിനിമയ്ക്കും.. അമ്പിളി.
സംവിധായകന്റെയും നായകന്റെയും കയ്യൊപ്പുള്ള ഒരൊന്നൊന്നര ദൃശ്യാനുഭവം എന്ന് അടിവര.
ഗപ്പി
അർഹിക്കുന്ന തിയേറ്റർ വിജയവും അംഗീകാരവും ഗപ്പിയ്ക്ക് കൊടുത്തില്ല എന്നൊരു കുമ്പസാരവും വിലാപവും ആ സിനിമയുടെ ഡിവിഡി പ്രിന്റ് ഇറങ്ങി ടോറന്റിൽ ലഭ്യമായി തുടങ്ങിയ കാലത്ത് ഓണ്‍ലൈന്‍ സിനിമാ ഗ്രൂപ്പുകളിൽ പ്രേക്ഷകരുടേതായി ഉണ്ടായിരുന്നു. ഗപ്പിയിൽ നായകനാര് വില്ലനാര് എന്നൊക്കെയുള്ള കണ്‍ഫ്യൂഷന്‍ ആദ്യ ദിനങ്ങളിൽ തിയേറ്ററിലെത്തിയ പരമ്പരാഗത പ്രേക്ഷകന് ഉണ്ടായി എന്നതും ആ സിനിമയുടെ പെട്ടെന്നുള്ള ഹോൾഡ് ഓവറിന് കാരണമായിരുന്നിരിക്കാം. ഇത്തവണ ഏതായാലും അത്തരത്തിൽ ഉള്ള ചിന്താകുഴപ്പങ്ങളെല്ലാം ഒഴിവാക്കാം. എല്ലാ ഫ്രയിമുകളും നിറഞ്ഞ് നിൽക്കുന്ന ഒരു അമ്പിളിയെ ആണ് ജോൺ പോൾ ജോർജ് വരച്ചിടുന്നത്. അമ്പിളിയാകുന്നതാവട്ടെ ജനപ്രിയനായ സൗബിനും.
സൗബിൻ അമ്പിളിയായങ്ങോട്ട് തകർത്ത് വാരുകയാണ്
സുഡാനി ഫ്രം നൈജീരിയയ്ക്കും കുമ്പളങ്ങി നൈറ്റ്‌സിനും സ്റ്റേറ്റ് അവാർഡിനും ശേഷം അനിഷേധ്യനായി മൂന്നാം വരവിനെത്തിയ സൗബിൻ അമ്പിളിയായങ്ങോട്ട് തകർത്ത് വാരുകയാണ് . അതുകൊണ്ട് തന്നെ ഗപ്പിയുടെ വിധി ആവില്ല എന്നതുറപ്പ്. കമലഹാസനും മമ്മുട്ടിയും മോഹൻലാലും മുതൽ ഒരുവിധം നായകന്മാരൊക്കെ മാനസിക വളർച്ച കുറവുള്ള കേന്ദ്രകഥാപാത്രങ്ങളെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. ആയതിനാൽ അതൊരു വലിയ സംഭവമൊന്നുമല്ല. പക്ഷെ അമ്പിളിയ്ക്ക് തന്റേതായ ഒരു സിഗ്നേച്ചർ ചാർത്തി കൊടുക്കാൻ സ്ക്രീനിലുള്ള ഓരോ നിമിഷവും സൗബിൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അമ്പിളി വായ് തുറന്ന് എന്ത് പറഞ്ഞാലും തിയേറ്ററിൽ നിറയെ ചിരിയാണ്. അമ്പിളി വായ തുറക്കാത്ത ഫ്രയിമുകൾ വളരെ കുറവാണ് താനും..