കനത്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. 300 ലേറെ പേരെ മാറ്റി പാര്‍പ്പിച്ചു. മാവൂര്‍ തെങ്ങിലക്കടവില്‍ 80 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കണ്ണപ്പന്‍കുണ്ടിനടത്ത് വരാല്‍ മൂലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇവിടെ ശക്തമായ മലവെള്ളപാച്ചില്‍ തുടരുകയാണ്. കക്കയത്തും താമരശേരി ചുരത്തിലും മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായി.
ഇരച്ചെത്തിയ മഴ. തോരാതെ തിമിര്‍ത്ത് പെയ്തപ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വീടുകള്‍ വെള്ളത്തിനടിയിലായി.മാവൂരിലും, ചെറുവാടിയിലും കാരശേരിയിലും ചാത്തമംഗലത്തും പലയിടത്തും ആളുകള്‍ക്ക് വീട് വിട്ടറങ്ങേണ്ടി വന്നു. മാവൂര്‍ തെങ്ങിലക്കടിവിലും മറ്റും പല കുടുംബങ്ങളും ഒറ്റപ്പെട്ട് പോകുവകയും ചെയ്തു.
ഒളവണ്ണയില്‍ ബികെ കനാല്‍ മുതല്‍ പൂളക്കടവ് പാലം വരെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചു. വരാല്‍ മൂലയില്‍ ഉരുള്‍പൊട്ടിയതോടെ കണ്ണപ്പന്‍കുണ്ടിലേക്ക് മലവെള്ളം ഇരച്ചെത്തി. പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി.
കക്കയത്തും താമരശേരി ചുരത്തിലും മരം വീണും മണ്ണിടിഞ്ഞും വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മാവൂര്‍ കോഴിക്കോട് റൂട്ടിലും മരം വീണത് ഗതാഗത തടസ്സത്തിന് ഇടയാക്കി. വൈസ്റ്റ് ഹില്ലിലടക്കം പല പ്രദേശങ്ങളിലും കനത്ത കാറ്റും നാശം വിതച്ചു. മാവൂര്‍,കാവിലുംപാറ,രാരോത്ത്,പിലാശേരി എന്നിവിടങ്ങളിലായാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. പൂനൂര്‍,ഇരുവഴഞ്ഞിപുഴകള്‍ പലയിടത്തും നിറഞ്ഞ് കവിഞ്ഞാണ് ഒഴുകുന്നത്.