Uncategorized

കേരളത്തില്‍ സ്വന്തം കുഴി തോണ്ടി സിപിഎം, രാഹുലിന് ദക്ഷിണേന്ത്യ നിര്‍ദേശിച്ചത് യെച്ചൂരി!

ദില്ലി: വയനാട്ടില്‍ നിന്നും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ കേരളത്തില്‍ സിപിഎം ആശങ്കയിലാണ്. രാഹുലിന്റെ വരവ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുക സിപിഎമ്മിനെ ആയിരിക്കും. വയനാട്ടിലേക്ക് രാഹുല്‍ വരുന്നത് തടയാന്‍ ഇടതുപക്ഷം നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.

ഇതോടെ കോണ്‍ഗ്രസിനോട് സിപിഎം ഇടഞ്ഞിരിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇല്ലാത്ത ഒരു മതനിരപേക്ഷ ബദലിന് വേണ്ടി സിപിഎം ശ്രമം നടത്തുകയും ചെയ്യുന്നു. അതിനിടെ പുറത്ത് വന്ന കൗതുകമുണ്ടാക്കുന്ന വസ്തുത മറ്റൊന്നുണ്ട്. വയനാട്ടിലേക്ക് രാഹുലിനെ എത്തിച്ചതിന് സിപിഎമ്മിന് വലിയ പങ്കുണ്ട് എന്നതാണത്.

പ്രതീക്ഷ തകര്‍ന്ന് സിപിഎംബംഗാളിലും ത്രിപുരയിലും തകര്‍ന്നടിഞ്ഞ ഇടതുപക്ഷത്തിന് ഇത്തവണ പ്രതീക്ഷയുളള രണ്ട് സംസ്ഥാനങ്ങള്‍ കേരളവും തമിഴ്‌നാടുമാണ്. ആ പ്രതീക്ഷകള്‍ കൂടി തകരുകയാണ് ദക്ഷിണേന്ത്യയിലേക്കുളള രാഹുല്‍ ഗാന്ധിയുടെ വരവോട് കൂടി. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഗുണം ചെയ്യും.

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുളള സിപിഎം നേതാവാണ് സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി സഖ്യം വേണം എന്ന് സിപിഎമ്മിനുളളില്‍ ശക്തമായി വാദിക്കുന്നതും യെച്ചൂരി വിഭാഗമാണ്. ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കാന്‍ ഏതെങ്കിലും സീറ്റ് തിരഞ്ഞെടുക്കണം എന്ന് നിര്‍ദേശിച്ചതും യെച്ചൂരി തന്നെ.

പ്രതിപക്ഷ സഖ്യത്തിലെ മറ്റ് കക്ഷികളും യെച്ചൂരിയുടെ ഈ നിര്‍ദേശത്തോട് യോജിച്ചു. ഇതിനെ തുടര്‍ന്നാണ് ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യം രാഹുലും കോണ്‍ഗ്രസും ഗൗരവമായി ആലോചിച്ച്‌ തുടങ്ങിയത്. എന്നാല്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കാന്‍ രാഹുല്‍ വയനാട്ടിലേക്ക് വരുമെന്ന് സിപിഎം സ്വപ്‌നത്തില്‍ പോലും കണക്ക് കൂട്ടിയിരുന്നില്ല.

ബിജെപിയോട് നേര്‍ക്ക് നേര്‍ പോരാടാന്‍ കര്‍ണാടക തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന നിര്‍ദേശം മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുളള നേതാക്കള്‍ മുന്നോട്ട് വെച്ചു. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരണം എന്ന് കേരളത്തിലെ നേതാക്കളും ആവശ്യപ്പെട്ടു. വയനാട്ടില്‍ ഗ്രൂപ്പ് പോര് മൂലം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാതെ അനിശ്ചിതത്വത്തില്‍ നില്‍ക്കുകയായിരുന്നു.

കര്‍ണാടകത്തില്‍ മത്സരിക്കുന്നത് റിസ്‌കാണെന്ന് വിലയിരുത്തിയ ഹൈക്കമാന്‍ഡ് ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്ന നിലയ്ക്ക് വയനാട് തിരഞ്ഞെടുക്കുകയായിരുന്നു. സിപിഎമ്മിനേയും സീതാറാം യെച്ചൂരിയേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച തീരുമാനം. മാര്‍ച്ച്‌ 23നാണ് വയനാട് തിരഞ്ഞെടുക്കുമെന്ന സൂചന രാഹുല്‍ ആദ്യമായി നല്‍കിയത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്ന് ഉമ്മന്‍ ചാണ്ടി അടക്കമുളള കേരള നേതാക്കള്‍ വാര്‍ത്ത ബ്രേക്ക് ചെയ്യുകയും ചെയ്തു. ഇതോടെ രാഹുലിനെ പിന്തിരിപ്പിക്കാനുളള സമ്മര്‍ദം ദേശീയ തലത്തില്‍ സിപിഎം ആരംഭിച്ചു. കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ദേശീയ കക്ഷികള്‍ അടക്കം ചൂണ്ടിക്കാട്ടി.

ശരദ് പവാര്‍ അടക്കമുളള നേതാക്കള്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ട് എതിര്‍പ്പ് അറിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷമുളള മതേതര സഖ്യസാധ്യതകളെ ഈ നീക്കം ബാധിച്ചേക്കുമെന്ന മുന്നറിയിപ്പ് സിപിഎം നല്‍കി. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് വയനാട് തന്നെ തിരഞ്ഞെടുക്കാനുളള രാഹുലിന്റെ തീരുമാനം.

ഒന്നാം യുപിഎ സര്‍ക്കാരിനെ 60 എംപമാരുമായി താങ്ങി നിര്‍ത്തിയ ഇടതുപക്ഷമല്ല ഇന്നുളളത് എന്ന തിരിച്ചറിവ് രാഹുലിനും കോണ്‍ഗ്രസിനുമുണ്ട്. ഇടതുപക്ഷം പാര്‍ലമെന്റില്‍ ചുരുങ്ങി ചുരുങ്ങി വരികയാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് ശേഷമുളള സിപിഎം പിന്തുണയെ കുറിച്ച്‌ കോണ്‍ഗ്രസിന് വലിയ ആശങ്കകളില്ല.

മാത്രമല്ല കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിച്ചാല്‍, ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക എന്നതല്ലാതെ മറ്റൊരു വഴി സിപിഎമ്മിനില്ല താനും. കോണ്‍ഗ്രസിനെ ഒഴിവാക്കിയുളള ബദലിനുളള സിപിഎം ശ്രമം ഫലം കാണാന്‍ സാധ്യത തുലോം തുച്ഛവുമാണ്.

ഡിഎംകെയോ തൃണമൂല്‍ കോണ്‍ഗ്രസോ സിപിഎം മുന്നോട്ട് വെയ്ക്കുന്ന മായാവതിയുടെ നേതൃത്വത്തിലുളള ബദലിന് പിന്നില്‍ അണി നിരക്കുമെന്ന് കരുതാനാവില്ല. രാഹുല്‍ വയനാട്ടിലെത്തുന്നത് സിപിഎമ്മിനകത്തെ യെച്ചൂരി-കാരാട്ട് പക്ഷങ്ങള്‍ തമ്മിലുളള വിഭാഗീയതയും രൂക്ഷമാക്കിയേക്കും. കോണ്‍ഗ്രസ് സഖ്യത്തിന് വാദിക്കുന്ന യെച്ചൂരിക്ക് കനത്ത തിരിച്ചടിയാണ് വയനാട് തീരുമാനം.