India National Uncategorized

എക്‌സിറ്റ് പോള്‍; കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

കര്‍ണാടകയില്‍ എന്‍ഡിഎക്ക് മുന്നേറ്റമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗ് രംഗത്തെത്തി. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ കോമാളിയാണെന്ന് ബെയ്ഗ് പരിഹസിച്ചു. വിവാദ പ്രസ്താവനയില്‍ പാര്‍ട്ടി ബെയ്ഗിന് നോട്ടീസ് അയച്ചിട്ടുണ്ട്.

കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥക്ക് കാരണം നേതൃത്വമാണെന്ന വിമര്‍ശനമാണ് റോഷന്‍ ബെയ്ഗ് ഉന്നയിക്കുന്നത്. സിദ്ധരാമയ്യ അഹങ്കാരിയാണെന്നും പി.സി.സി പ്രസിഡന്റ് ഗുണ്ടുറാവു പരാജയപ്പെട്ടവനാണെന്നും ബെയ്ഗ് പരസ്യമായി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായാല്‍ അതിന് കാരണക്കാര്‍ ഇവരൊക്കെയാണെന്നും അദ്ദേഹം ആരോപിച്ചു. തുറന്നു പറച്ചിലില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ക്ഷമയും ചോദിക്കുന്നുണ്ട്, ബെയ്ഗ്.

ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സീറ്റുകള്‍ നല്‍കിയില്ല. ഒരു സീറ്റ് മാത്രമാണ് മുസ്ലിം വിഭാഗത്തിന് നല്‍കിയത്. അവരെ അവഗണിച്ചതില്‍ വലിയ വിഷമമുണ്ടെന്നും ബെയ്ഗ് പറഞ്ഞു. എന്നാല്‍ വിവാദ പ്രസ്താവനയെ കുറിച്ച് പാര്‍ട്ടി വിശദീകരണം തേടുമെന്ന് പിസിസി അധ്യക്ഷന്‍ ഗുണ്ടുറാവു പറഞ്ഞു. വിഷമത്തിലായതിനാലായിരിക്കാം ബെയ്ഗ് ഇത്തരത്തില്‍ പ്രതികരിച്ചത്. എന്നാല്‍ പരസ്യമായി ഇത്തരം കാര്യങ്ങള്‍ പറയുന്നത് സംസ്‌കാര ശൂന്യതയാണെന്നും ഗുണ്ടുറാവു കുറ്റപ്പെടുത്തി.

ബെയ്ഗിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അത് പാര്‍ട്ടി പ്രസിഡന്റ് പരിശോധിക്കുമെന്നും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്യ പറഞ്ഞു. അതേ സമയം ബെയ്ഗ് പറഞ്ഞത് സത്യമാണെന്നും എന്നാലിത് സഖ്യസര്‍ക്കാറിനെ ബാധിയ്ക്കില്ലെന്നും ഉന്നയിച്ചു കൊണ്ട് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് എച്ച്. വിശ്വനാഥ് രംഗത്തെത്തി. മുന്നണിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.

ജെ.ഡി.എസുമായുള്ള സഖ്യവും ഭരണവുമെല്ലാം തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങളിലാണ്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതില്‍ പ്രധാനിയായിരുന്നു റോഷന്‍ ബെയ്ഗ്. എന്നാല്‍, പരമേശ്വരയ്യക്കാണ് നറുക്ക് വീണത്. കഴിഞ്ഞ കുറച്ചു നാളുകളായി കോണ്‍ഗ്രസില്‍ തന്നെ ഒതുക്കപ്പെട്ട അവസ്ഥയിലായിരുന്നു ബെയ്ഗ്.