ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതി കേസില്‍ നിന്ന് രക്ഷപെടാനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയെ നോക്കുകുത്തിയാക്കിയാണ് നടപടിയെന്നും കെ സുധാകരന്‍ പറഞ്ഞു.
ലോകായുക്തയുടെ അധികാരം മറികടക്കാനുള്ള നിയമഭേദഗതിയില്‍ വിശദീകരണവുമായി നിയമ മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. എജിയുടെ നിയമോപദേശം അനുസരിച്ചാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്. മറ്റ് സംസ്ഥാനങ്ങളിലെ നിയമം കൂടി പഠിച്ചാണ് തീരുമാനം. നിയമഭേദഗതി വിശദമായി ചര്‍ച്ച ചെയ്തു എന്നുമാണ് നിയമമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരായ കേസുമായി ഓര്‍ഡിനന്‍സിനു ബന്ധമില്ല. ലോകായുക്ത തന്നെ ചില ഭേദഗതികള്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത നിയമവ്യവസ്ഥ കേരളത്തിലുണ്ട് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനന്‍സിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ ലോകായുക്തയെ നിഷ്‌ക്രിയമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അഴിമതി നിരോധന നിയമത്തിന്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും സതീശന്‍ അഭ്യര്‍ത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തയച്ചിട്ടുണ്ട്.
ലോകായുക്തയുടെ പ്രസക്തി സര്‍ക്കാര്‍ കൗശലപൂര്‍വം ഇല്ലാതാക്കി. ഫെബ്രുവരിയില്‍ നിയമസഭ ചേരാനിരിക്കെ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ ദുരൂഹതയുണ്ട്. അഴിമതി ആരോപണങ്ങളിലെ കണ്ടെത്തല്‍ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമം. കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലോകായുക്തയെ അപ്രസക്തമാക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു. ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും ലോകായുക്തക്ക് ഇനി മുതല്‍ അഴിമതിക്കെതിരായി തീരുമാനമെടുക്കാന്‍ കഴിയാതെ വരുമെന്നും അദ്ദേഹം വ്യക്താക്കി. മന്ത്രി ആര്‍ ബിന്ദുവിനെതിരെ ചെന്നിത്തല ലോകായുക്തയെ സമീപിച്ചിരുന്നു. ഇതോടെ മന്ത്രി രാജിവെക്കേണ്ടി വരുമെന്ന് മനസിലാക്കിയതിനാലാണ് വേണ്ടത്ര കൂടിയാലോചനകളില്ലാതെ ലോകായുക്തയെ അപ്രസക്തമാക്കാന്‍ സര്‍ക്കാര്‍ തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. കഴിഞ്ഞ മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയിരുന്നു.