സിൽവർ ലൈൻ പദ്ധതിയിൽ മറുപടി സത്യവാങ് മൂലം സമർപ്പിച്ച് കെ റെയിൽ കമ്പനി. അതിരടയാള കല്ല് സ്ഥാപിക്കാൻ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് മറുപടി സത്യവാങ് മൂലം സമർപ്പിച്ചത്. അതിരടയാള കല്ലുകൾ സ്ഥാപിച്ചത് ഭൂമി ഏറ്റെടുക്കാനല്ലെന്ന് കെ റെയിൽ കമ്പനി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുക റെയിൽ വേയിൽ നിന്ന് അന്തിമ അനുമതി ലഭിച്ച ശേഷം മാത്രം. സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയാണ് കല്ലിടൽ നടപടി. കെ റെയിലെന്ന് എഴുതിയ കല്ലുകൾ സ്ഥാപിച്ചത് പദ്ധതി സ്ഥലം തിരിച്ചറിയാനാണെന്നും കമ്പനി വ്യക്തമാക്കി. മാർഗതടസമുണ്ടാക്കുന്ന തരത്തിൽ സ്ഥാപിച്ച കല്ലുകൾ നീക്കിയെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കി.
അതേസമയം സിൽവർ ലൈനിനു വേണ്ടി സ്ഥലമേറ്റെടുക്കുന്ന കെ റെയിൽ നടപടിയെ പിന്തുണച്ച് ഇന്ത്യൻ റെയിൽവേ ഹൈക്കോടതിയിൽ. കെറെയിൽ ഭൂമി ഏറ്റെടുപ്പിനെതിരെ കോട്ടയം സ്വദേശികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ വാദങ്ങളെ പിന്തുണച്ച് ഇന്ത്യൻ റെയിൽവേ ഹൈക്കോടതിയിൽ നിലപാടെടുത്തത്.
കേസിൽ വിശദമായ വാദമാണ് ഹൈക്കോടതി ഇന്ന് കേട്ടത്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തടസമില്ലെന്നും സംസ്ഥാന സർക്കാർ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നായിരുന്നു റെയിൽവേയുടെ നിലപാട്. സംസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കാൻ റെയിൽവേയുടെ പ്രത്യേക വിജ്ഞാപനം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാന സർക്കാർ വാദം. ഇതു പ്രത്യേക റെയിൽവേ പ്രൊജക്ട് അല്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. കേസ് വിധിപറയാനായി കോടതി മാറ്റിവച്ചു.