അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന പദവിയില്‍ എത്തിയ നിരവധി പേരെ നമുക്കറിയാം. നായിക നടിയായി പ്രശസ്തയായ നസ്രിയ നസീം, പ്രധാന നടനായി വേഷമിട്ട ഗോവിന്ദ് പദ്മസൂര്യ എന്നിവരെല്ലാം അവതാരക പദവിയില്‍ നിന്നും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയവരാണ്. ഈ നിരയിലേക്ക് ഇനി ഒരാള്‍ കൂടി വരികയാണ്. മലയാള ടെലിവിഷന്‍ രംഗത്ത് പ്രശസ്തനായ മിഥുൻ രമേശ് ആദ്യമായി നായകവേഷത്തിലെത്തുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം സിനിമയുടെ ചിത്രീകരണം ദുബൈയില്‍ പൂര്‍ത്തിയായി.
കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തിലെത്തി പുറത്തിറങ്ങിയ ശിക്കാരി ശംഭു സിനിമയുടെ എഴുത്തുകാരിൽ ഒരാളായ രാജു ചന്ദ്ര ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയുന്ന സിനിമയിലാണ് മിഥുന് രമേശ് നായകവേഷത്തിലെത്തുന്നത്. ഗോൾഡൻ എസ് പിക്ച്ചറിന്റെ ബാനറിൽ സിനോ ജോൺ തോമസ് ശ്യാംകുമാർ എസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടെയാണ്. ഹോളിവുഡ് സിനിമയിൽ പ്രധാന താരമായി അഭിനയിച്ച സൂപ്പർ ഡോഗ് ആദ്യമായി ഒരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ജിമ്മി ഈ വീടിന്റെ ഐശ്വര്യം സിനിമക്കുണ്ട്. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിച്ച് കാണാവുന്ന രീതിയിലാണ് ഈ ഡോഗ് മൂവി ഒരുക്കിയിട്ടുള്ളത്.
ദുബൈയിലെ സ്ഥിരതാമസക്കാരായ, സമ്പന്നരായ രണ്ടു ക്രിസ്ത്യൻ കുടുംബങ്ങളുടെ കഥയാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം പറയുന്നത്. ഈ കുടുംബങ്ങളിലെ പുതുതലമുറക്കാരായ ജിമ്മി ജോൺ അടയ്ക്കാക്കാരനും ജാൻസി വെറ്റിലകാരനും വിവാഹം കഴിക്കുന്നിടത്ത് നിന്നാണ് സിനിമയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ ആരംഭിക്കുന്നത്.
മിഥുൻ രമേശ് നായക വേഷത്തിലെത്തുമ്പോള്‍ ദിവ്യ പിള്ളയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിർമൽ പാലാഴി, സുനിൽ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായർ, നിഷ മാത്യു എന്നിവരും അഭിനയിക്കുന്നു. സംഗീതം എം.ജയചന്ദ്രന്. ഛായാഗ്രഹണം-അനില്‍ ഈശ്വര്‍. ചിത്രം നവംബറില്‍ തീയേറ്ററുകളിൽ പുറത്തിറങ്ങും.