സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാന നിമിഷം ജനതാദള്‍ യുണൈറ്റഡ് മന്ത്രിസഭയില്‍ നിന്ന് പിന്മാറി. പാര്‍ട്ടിക്ക് അനുവദിച്ച മന്ത്രിമാരുടെ എണ്ണത്തിലാണ് ജെ.ഡി.യുവിന്റെ അതൃപ്തി.
ഒരു കാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിമാരും ഉള്‍പ്പെടെ മൂന്ന് മന്ത്രിപദമാണ് ജെ.ഡി.യു ആവശ്യപ്പെട്ടത്. കിട്ടിയതാകട്ടെ ഒരു കാബിനറ്റ് പദവിയും. പാര്‍ട്ടി പ്രതിനിധിയായി ആര്‍.സി.പി സിങിന് പ്രധാനമന്ത്രിയുടെ ചായസല്‍ക്കാരത്തിലേക്ക് ക്ഷണം ലഭിച്ചു. എന്നാല്‍ സല്‍ക്കാരത്തിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു.
തങ്ങളുടെ നിര്‍ദേശങ്ങളൊന്നും അംഗീകരിക്കപ്പെടാത്തതിനാല്‍ മന്ത്രിസഭയില്‍ ചേരുന്നില്ലെന്നും എന്‍.ഡി.എയില്‍ തുടരുമെന്നും ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ പറഞ്ഞു. നേരത്തെ തന്നെ ഡല്‍ഹിയിലെത്തി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും ഇക്കാര്യത്തില്‍ ധാരണയാവാന്‍ കഴിയാത്തത് പുതിയ സര്‍ക്കാരിന് കല്ലുകടിയായി.