Uncategorized

നിലമ്പൂരിൽ വി.വി പ്രകാശ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആരാകുമെന്നതിൽ അനിശ്ചിതത്വം നീങ്ങുന്നു. മലപ്പുറം ഡിസിസി അധ്യക്ഷൻ വി.വി പ്രകാശിനെ നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയാക്കാൻ ധാരണയായതായി സൂചന. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിച്ച് മുന്നോട്ടു പോകുമെന്ന് വി.വി പ്രകാശ് പറഞ്ഞു .

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ് നേതൃത്വം. കഴിഞ്ഞ തവണ മത്സരിച്ച ആര്യാടൻ ഷൗക്കത്തും വി.വി പ്രകാശുമാണ് സ്ഥാനാര്‍ഥിത്വത്തിനായി അവകാശവാദമുന്നയിച്ചത്. എന്നാൽ ഡി.സി.സി അധ്യക്ഷൻ വി.വി പ്രകാശ് യു.ഡി.എഫ് സ്ഥാനാർഥി ആകുമെന്നാണ് സൂചനകൾ. തന്‍റെ താല്പര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടന്നും അന്തിമ തീരുമാനം പാർട്ടി ഹൈക്കമാന്‍ഡിന്‍റേത് ആണെന്നും പ്രകാശ് പറഞ്ഞു.

2016 ലും വി.വി പ്രകാശും ആര്യാടൻ ഷൗക്കത്തും സീറ്റിനായി അവകാശ വാദമുന്നയിച്ചിരുന്നു. എന്നാൽ ഒടുവിൽ ആര്യാടൻ ഷൗക്കത്തിനാണ് നേതൃത്വം അവസരം നല്‍കിയത്.

ആര്യാടൻ ഷൗക്കത് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസിനകത്ത് വിഭാഗീയത രൂക്ഷമായി. 11000 ത്തിൽ അധികം വോട്ടുകൾക്കാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച പി.വി അൻവർ മണ്ഡലം പിടിച്ചെടുത്തത് . ഇത്തവണ വിവി പ്രകാശ് സ്ഥാനാർഥി ആയാലും വിഭാഗീയത തിരിച്ചടിയായേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട് . വിഭാഗീയത ഇല്ലാതെയാക്കി പ്രകാശിന് അവസരം നൽകാനാണ് നേതൃത്വത്തിന്‍റെ ശ്രമം . നേരത്തെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു മുൻ എം.എൽ.എയും മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദുമായി ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു . വി.വി പ്രകാശ് സ്ഥാനാർഥിയായാൽ ആര്യാടൻ ഷൗക്കത്തിന് പാർട്ടി ചുമതലകൾ ഉൾപ്പെടെ നൽകിയാകും അനുനയിപ്പിക്കുക.