Uncategorized

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിർമല സീതാരാമൻ

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഇതിനോടകം തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങി തുടങ്ങിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കി. ആഗോള തലത്തിൽ വില ഉയർന്നിരിക്കെ യുദ്ധത്തിന് മുൻപത്തെ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന വാഗ്ദാനം അംഗീകരിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ യുക്രൈന്‍ വിഷയത്തില്‍ നിലപാട് കടുപ്പിക്കുമ്പോൾ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.

ക്രൂഡ് ഓയിൽ ബാരലിന് 35 ഡോളര്‍ വരെ കുറച്ച് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. കുറഞ്ഞത് 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്ന നിർദേശവും റഷ്യ ഇന്ത്യക്ക് മുന്നിൽ വച്ചിട്ടുണ്ട്. യുക്രൈനെതിരായ യുദ്ധ നീക്കത്തെ തുടർന്ന് യൂറോപ്പിലേയ്ക്കും അമേരിക്കയിലേക്കും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെട്ടിട്ടുണ്ട്. ഇതോടെ റഷ്യയിൽ ക്രൂഡ് ഓയിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് . ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിനുള്ള വില വർധന കൂടി കണക്കിലെടുത്താണ് ഏഷ്യൻ രാജ്യങ്ങളിലടക്കം ഇത് വിറ്റഴിക്കാനുള്ള നീക്കങ്ങൾ റഷ്യ നടത്തുന്നത്.