Uncategorized

അശ്വിന്‍റെ അശ്വമേധം; അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ സെഞ്ച്വറിയും, ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

106ന് ആറെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‍ലിക്കൊപ്പം ചേര്‍ന്ന് അശ്വിന്‍ നടത്തിയ കൂട്ടാണ് രക്ഷപെടുത്തിയത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ അശ്വിന്‍റെ മികവില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച അശ്വിന്‍ ബാറ്റിങിലെത്തിയപ്പോള്‍ സെഞ്ച്വറി പ്രകടനത്തോടെയാണ് ടീമിനെ കരകയറ്റിയത്. 106ന് ആറെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‍ലിക്കൊപ്പം ചേര്‍ന്ന് അശ്വിന്‍ നടത്തിയ കൂട്ടാണ് രക്ഷപെടുത്തിയത്. പിന്നീട് ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് അശ്വിന്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

286 റണ്‍സിന് രണ്ടാം ഇന്നിങ്സ് അവസാനിച്ചതോടെ ഇന്ത്യക്ക് 481 റണ്‍സിന്‍റെ ലീഡ് ആയി. അവസാന വിക്കറ്റില്‍ സിറാജിനെ കൂട്ടുപിടിച്ചാണ് അശ്വിന്‍ സെഞ്ച്വറി തികച്ചത്. 106 റണ്‍സ് നേടിയ അശ്വിന്‍ ഒള്ളി സ്റ്റോണിന്‍റെ പന്തില്‍ പുറത്താകുകയായിരുന്നു. 16 റണ്‍സ് നേടിയ സിറാജ് നോട്ടൗട്ട് ആയി നിന്നു.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ 13 റണ്‍സിനു പുറത്തായ അശ്വിന്‍ ബൗളിങില്‍ ഇംഗ്ലണ്ട് നിരയുടെ അഞ്ചു വിക്കറ്റുകളാണ് പിഴുതത്. 23.5 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അശ്വിന്‍റെ വിസ്മയിപ്പിക്കുന്ന പ്രകടനം. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വെറും 134 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ചതും അശ്വിന്‍റെ ഈ ഉജ്ജ്വല ബൗളിങായിരുന്നു. പിന്നീട് രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര വീണപ്പോള്‍ അശ്വിന്‍ വീണ്ടും രക്ഷകനായി. തന്‍റെ കരിയറിലെ അഞ്ചാം അർദ്ധ സെഞ്ച്വറിയാണ് അശ്വിന്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്.