കോവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ആറു മുതല്‍ എട്ടാഴ്ച വരെ ആക്കി വര്‍ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാർ. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. നിലവില്‍ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലയളവ് 28 ദിവസം അല്ലെങ്കില്‍ നാല് മുതല്‍ ആറാഴ്ചയ്ക്കിടയില്‍ എന്നായിരുന്നു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. ഓക്സ്ഫഡ്- ആസ്ട്രാസെനെക്ക വാക്സിന്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവയ്ക്ക് ഇത് ബാധകമല്ല. ഈ വാക്സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള നിലവിലുള്ളതുതന്നെ തുടരും.
പുതിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷന്, നാഷണല്‍ എക്സ്പേട്ട് ഗ്രൂപ്പ് ഓഫ് വാക്സീന് അഡ്മിനിസ്ട്രേഷൻ തുടങ്ങിയവർ പുനഃപരിശോധിച്ചു. ആറ് മുതല്‍ എട്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ഡോസ് എടുത്താല്‍ കൂടുതല്‍ മെച്ചപ്പെട്ട സംരക്ഷണം ലഭിക്കും.
60 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും മറ്റ് അസുഖങ്ങളുള്ള 45 വയസിനു മേല്‍ പ്രായമുള്ളവര്‍ക്കും രണ്ടാംഘട്ട വാക്സിനേഷന് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഡോസുകളുടെ ഇടവേള ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള നിർദേശം. വാക്സിന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെടുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.