Uncategorized

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം നാളെയോ മറ്റന്നാളോ തുറന്നേക്കും

ഇടുക്കി ഡാമിന്റെ ഷട്ടറുകൾ നാളെ വൈകീട്ട് നാല് മാണിക്കോ മറ്റന്നാൾ രാവിലെയോ തുറക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 100 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു .

ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.03 അടിയായി. ജലനിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദേശം നൽകി.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. നിലവില്‍ ജലനിരപ്പ് 139.05 അടിയാണ്. സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂൾ കർവ് പ്രകാരം നിലവിൽ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്.