Uncategorized

ഇടുക്കി ഡാം തുറന്നു; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്

ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ആറ് മണിക്കാണ് ഷട്ടർ ഉയർത്തിയത്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടി.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന 9 ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു. നിലവില്‍ ആറ് സ്പില്‍വേ ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. 8,380 ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. മുന്നറിയിപ്പ് നല്‍കാതെയാണ് തമിഴ്‌നാട് 9 മണിയോടെ മുല്ലപ്പെരിയാറിന്റെ 9 ഷട്ടറുകള്‍ തുറന്നത്. സെക്കന്‍ഡില്‍ 12000 ഘനയടിയിലധികം വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി വീടുകളില്‍ വെള്ളം കയറി. നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഈ വര്‍ഷം മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിവിടുന്ന ഏറ്റവും ഉയര്‍ന്ന വെള്ളത്തിന്റെ അളവാണ് ഇന്നത്തേത്. 8000 ഘനയടി വെള്ളമായിരുന്നു ഈ സീസണില്‍ നേരത്തെ ഏറ്റവും കൂടുതലായി തുറന്നുവിട്ടത്.