മലയാള സിനിമയിൽ ഇനിയും പാടുമെന്ന് പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസ്. അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നുവെന്നും കുറെ കാര്യങ്ങൾ പറഞ്ഞതിന്‍റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കിയെന്നും വിജയ് മാധ്യമം കുടുംബത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖം വിവാദമായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിജയിന്‍റെ വിശദീകരണം.
മലയാള സിനിമയിലെ ഗായകരോടുള്ള മോശം സമീപനത്തിനെതിരായിരുന്നു വിജയ്യുടെ ആ പരാമർശം. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ല, എന്നാൽ തെലുങ്കിലും തമിഴിലും ഈ പ്രശ്നമില്ല. ഈ അവഗണന മടുത്ത് മലയാള പിന്നണി ഗാനരംഗത്തുനിന്ന് പിന്മാറുകയാണെന്ന് വിജയ് പറഞ്ഞതായായിരുന്നു അഭിമുഖത്തിൽ വന്നത്.
‘‘അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നു. കുറെ കാര്യങ്ങൾ പറഞ്ഞതിന്‍റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കി. തുടർന്നാണത് മാധ്യമങ്ങളിൽ വാർത്തയായത്. ഇനി മലയാളത്തിൽ പാടില്ലെന്നത് നേരത്തേ എടുത്ത തീരുമാനമാണ്. അതിനർഥം മലയാള സിനിമകളിൽനിന്ന് പൂർണമായും വിട്ടുനിൽക്കുകയെന്നല്ല. എന്നെ ആവശ്യമുള്ളവർ എന്‍റെ വില മനസ്സിലാക്കി വരുകയാണെങ്കിൽ അവരുമായി ഇനിയും സഹകരിക്കും’’. വിജയ് മാധ്യമം കുടുംബത്തോട് പറഞ്ഞു.
ബ്ലസിയുടെ ആടുജീവിതത്തില്‍ വിജയ് യേശുദാസ് പാടുന്നുണ്ട്. യോദ്ധക്ക് ശേഷം എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തില്‍ ചിന്‍മയിക്കൊപ്പം ഡ്യൂയറ്റ് പാടുന്നത് വിജയ് ആണ്.” നല്ലൊരു മെലഡിയാണ് ആടുജീവിതത്തിലേത്. റഹ്മാന്‍ സാറിന് കീഴില്‍ നിരവധി ഭാഷകളില്‍ പാടിയിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം കൂടുതല്‍ സ്വാതന്ത്ര്യത്തോടെ വര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. യോദ്ധയിലെ ഗാനങ്ങളും വ്യക്തിപരമായി എനിക്കെന്നും പ്രിയപ്പെട്ടതാണ്” വിജയ് യേശുദാസ് പറഞ്ഞു.