Uncategorized

വാളയാര്‍ കേസ്; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

വാളയാർ കേസിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിനെതിരെ മരിച്ച പെൺകുട്ടികളുടെ അമ്മ നൽകിയ അപ്പീലിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പ്രതികൾക്ക് സ്പീഡ് പോസ്റ്റ് വഴി നോട്ടീസയക്കാനും നിർദേശിച്ചു. കീഴ്കോടതി ഉത്തരവിനെതിരെ സർക്കാരും ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകിയേക്കും.

13 വയസുകാരിയെ 2017 ജനുവരി 13 നും ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. എന്നാൽ പ്രതികൾക്കതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി യാണ് വിചാരണ കോടതി ഇവരെ വെറുതെ വിട്ടത് .ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് അമ്മയുടെ അപ്പീലിൽ പറയുന്നത്. സംഭവം കണ്ടത് സംബന്ധിച്ച് ഹരജിക്കാരിയും ഭർത്താവും നൽകിയ ദൃക്‌സാക്ഷി മൊഴി അവിശ്വസിച്ചാണ് വിചാരണ കോടതി പ്രതികളെ വെറുതെവിട്ടത്. പുതിയ ഉദ്യോഗസ്ഥൻ അന്വേഷണം ഏറ്റെടുത്ത ശേഷം മാത്രമാണ് ഇത്തരമൊരു മൊഴി ഇവർ നൽകിയതെന്നാണ് കോടതിയുടെ കണ്ടെത്തൽ. കുട്ടികളുടെ ഭാവിയെ കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന വാദം കോടതി തള്ളുകയായിരുന്നു.