Uncategorized

തിരുവനന്തപുരത്ത് വന്‍സ്വര്‍ണവേട്ട; സ്വര്‍ണം പിടികൂടിയത് യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലില്‍ നിന്ന്

ഇത്തരത്തിലെ സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ കാർഗോയിൽ കസ്റ്റംസ് പരിശോധന തുടരുകയാണ്. സംഭവത്തില്‍ കസ്റ്റംസ് ഒരാളെ പിടികൂടിയിട്ടുണ്ട്.

സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേത്. യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യം. യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ പരിശോധിച്ചതിൽ 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

മൂന്ന് ദിവസം മുൻപാണ് കാർഗോ ഫ്ലൈറ്റിൽ ദുബൈയിൽ നിന്ന് പാഴ്സൽ എത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കാർഗോ വിഭാഗത്തിൽ പരിശോധന നടത്തുകയായിരുന്നു. പല രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്. പല ബോക്സുകളിലായാണ് സ്വർണം കണ്ടെത്തിയത് എന്നാണ് സൂചന. പാഴ്സൽ ആർക്കാണെന്നും ആരാണ് അയച്ചതെന്ന് അടക്കമുള്ള നിർണായക വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.