Uncategorized

ബലാത്സംഗ കേസില്‍ യുപി മുന്‍ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവപര്യന്തം

ബലാത്സംഗ കേസില്‍ യുപി മുന്‍ മന്ത്രി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ജീവപര്യന്തം. മുന്‍ മന്ത്രി ഗായത്രി പ്രജാപതി, അശോക് തിവാരി, ആശിഷ് ശുക്ല എന്നിവര്‍ക്കാണ് ലഖ്‌നൗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. മൂന്ന് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയും കെട്ടിവയ്ക്കണം.

സ്‌പെഷ്യല്‍ ജഡ്ജി പവന്‍ കുമാര്‍ റായി ആണ് കേസില്‍ വിധി പ്രസ്താവിച്ചത്. അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗതാഗത, ഖനന വകപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ഗായത്രി പ്രജാപതി 2017ലാണ് അറസ്റ്റിലാകുന്നത്. ചിത്രകൂട് സ്വദേശിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതാണ് കേസ്.

പ്രതികള്‍ക്കെതിരായ തെളിവുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി. പക്ഷേ തെളിവുകളുടെ അഭാവത്തില്‍ പ്രതിപ്പട്ടികയില്‍ പേരുചേര്‍ക്കപ്പെട്ട വികാസ് വര്‍മ, രൂപേശ്വര്‍, അമരേന്ദ്ര സിംഗ്, അലിയാസ് പിന്റു, ചന്ദ്രപാല്‍ എന്നിവരെ കോടതി വെറുത വിട്ടു. 17 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്.

മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ബലാത്സംഗത്തിനിരയായ യുവതിയും രണ്ട് സാക്ഷികളും വിചാരണയ്ക്കിടെ മൊഴി മാറ്റാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. ലഖ്‌നൗ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.