കൊച്ചി- യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു. വെള്ളിയാഴ്ച്ച മുതൽ കൂടുതൽ സർവീസുകൾ. എല്ലാ ബുധനാഴ്ചയുമാണ് നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ്. യൂറോപ്പിലേക്ക് നേരിട്ടുള്ള സർവീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാർക്കിങ്, ലാൻഡിങ് ചാർജുകൾ സിയാൽ ഒഴിവാക്കി.
അതേസമയം ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആംബെർ പട്ടികയിലേക്ക് ബ്രിട്ടൻ മാറ്റിയതോടെയാണ് യാത്ര സുഗമമാകുന്നത്. കേരളത്തിൽനിന്ന് ലണ്ടനിലേക്ക് നേരിട്ട് സർവീസുള്ള ഏക വിമാനത്താവളമായി കൊച്ചി മാറും. എല്ലാ ബുധനാഴ്ചയും പുലർച്ചെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം 5.50ന് ഹീത്രുവിലേക്ക് മടങ്ങുമെന്ന് സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു.
യാത്ര പുറപ്പെടുന്നതിന് മൂന്നുദിവസംമുമ്പും എത്തിച്ചേരുന്ന ദിവസവും യാത്രക്കാർ കൊവിഡ് പരിശോധന നടത്തണം. യുകെയിൽ എത്തി എട്ടാംദിവസം വീണ്ടും പരിശോധന നടത്തണമെന്നും മാർഗനിർദേശത്തിലുണ്ട്.