Uncategorized

ലോക്ക്ഡൗണിനു ശേഷമെത്തുന്ന ആദ്യ മലയാള ചിത്രം ‘വെള്ളം’: പ്രേക്ഷകരെ സ്വാഗതം ചെയ്തു ജയസൂര്യയും പ്രജേഷ് സെന്നും

കോവിഡ് മഹാമാരി മൂലമുണ്ടായ ലോക്ക്ഡൗണിന് ശേഷമെത്തുന്ന ആദ്യ മലയാള ചിത്രമായി ” വെള്ളം “. ജി.പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത് ജയസൂര്യയാണ്. സംവിധായകനും ജയസൂര്യയും പ്രേക്ഷകരെ തീയേറ്ററിലേക്ക് സ്വാഗതം ചെയ്തു. ഈ മാസം 22 നാണു ചിത്രം തീയറ്ററുകളിൽ എത്തുക.

ക്യാപ്റ്റൻ നു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് “വെള്ളം “. ലോക്കഡൗണിനു മുൻപേ ചിത്രത്തിന്റെ പണികൾ പൂർത്തിയായെങ്കിലും ഏപ്രിൽ റിലീസ് ആയി ഉദ്ദേശിച്ച ചിത്രം ലോക്ക്ഡൌൺ മൂലം മാറ്റിവെക്കുകയായിരുന്നു.

” വിഷു ചിത്രമായാണ് വെള്ളം റിലീസ് ചെയ്യാനിരുന്നത്.പക്ഷേ കൊവിഡ് പ്രതിസന്ധി തിരിച്ചടിയായി. എല്ലാ ജോലികളും തീർത്ത് സിനിമ ഇറങ്ങാതിരിക്കുന്നത് വലിയ വേദനയായിരുന്നു. പാട്ടും ടീസറും ഒക്കെ ഇറങ്ങിയപ്പോൾ വലിയ പിന്തുണയാണ് എല്ലാവരും തന്നത്. പക്ഷേ പടം എന്ന് കാണാൻ ആവുമെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ തിയറ്ററുകൾ തുറക്കുന്പോൾ ആദ്യ മലയാള ചിത്രമായി വെള്ളം എത്തുകയാണ്.” – പ്രജേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

“തിയറ്ററുകളും സിനിമയും വിനോദവും ഒന്നും വേണ്ടെന്ന് വെക്കാനാവില്ല. പക്ഷേ കൊവിഡിനെ മറന്നുകൊണ്ട് ആവരുത് ഓരോ കൂടിച്ചേരലും. സുരക്ഷിതരായി സിനിമ കാണുക. പിന്തുണക്കുക. നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്ക് അത്രക്ക് പ്രിയമുള്ളവരാണ്. നിങ്ങളുടെ കയ്യടികളാണ് ഞങ്ങളുടെ പ്രചോദനവും.” – അദ്ദേഹം തുടർന്നു.

തന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് വെള്ളമെന്നു നടൻ ജയസൂര്യയും കുറിച്ചു.

“പൂർണമായും live sound- ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ആ അനുഭവവും ഒന്നു വേറെ തന്നെയാണ്. പ്രിവ്യൂ കണ്ടവർ മികച്ച സിനിമയെന്ന് വിലയിരുത്തിയതും വളരെ സന്തോഷം തരുന്നു

ഒരിക്കലും ‘വെള്ളം’ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് എനിക്ക് തരാവുന്ന ഉറപ്പ്. അതുകൊണ്ട് തീയറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം. അഭിപ്രായം അറിയിക്കണം. ഞങ്ങളെ പിന്തുണക്കണം.” ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചു

“‘കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണ് വെള്ളം. മികച്ച ഒരു ഫാമിലി എന്റർടെയ്നറായാണ് വെള്ളം എത്തുന്നത്. പക്ഷേ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.” – ജയസൂര്യ കുറിച്ചു.