തവനൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്‍റെ കൈവശമുള്ളത് 5500 രൂപ മാത്രം. സ്ഥാവര-ജംഗമ ആസ്തിയായുള്ളത് 52,58,834 യെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണുള്ളത്. ഫിറോസ് കുന്നംപറമ്പില്‍ ഉപയോഗിക്കുന്ന ഇന്നോവ ക്രിസ്റ്റ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം 20,28,834 രൂപയാണ് ജംഗമ ആസ്തിയായുള്ളത്.
കമ്പോളത്തില്‍ 2,95,000 രൂപ വിലവരുന്ന ഭൂമിയുണ്ട്. 2053 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്‍റെ കമ്പോള വില 31.5 ലക്ഷം രൂപയോളം വരും. ഇത് കൂടാതെ 80,000 രൂപയുടെ വസ്തുവും കൈവശമുണ്ട്. സ്ഥാവര ആസ്തിയായി മൊത്തം 32,30,000 രൂപയുണ്ട്. വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്. പത്താം ക്ലാസ് തോൽവിയാണ് വിദ്യാഭ്യാസ യോഗ്യത. ആലത്തൂർ പൊലീസ് സ്റ്റേഷൻ, ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി രണ്ട് ക്രിമിനൽ കേസുകളുണ്ട്. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി വരണാധികാരി അമൽ നാഥിന് മുമ്പാകെയാണ് ഫിറോസ് കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ സി.പി. ബാവഹാജി, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.