India Uncategorized

ലഖിംപൂർ ഖേരി; ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യുപി സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി ഇന്നത്തേക്ക് മാറ്റിയത്.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

നേരത്തെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. തെളിവുകള്‍ സംരക്ഷിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.