കൊച്ചിയിൽ അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ച സംഭവത്തിൽ നഷ്ടപ്പെട്ട തുക ബാങ്ക് നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടത്. മൂവാറ്റുപുഴ സ്വദേശി സലീം നൽകിയ പരാതിയിലാണ് ഉത്തരവ്.
2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. സലീമിന്റെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. അക്കൗണ്ടിൽ നിന്നും മൂന്നുതവണയായാണ് പണം പിൻവലിക്കപ്പെട്ടതെന്നും മൂവാറ്റുപുഴ എസ്ബിഐ ബ്രാഞ്ചിൽ ബന്ധപ്പെട്ടപ്പോൾ അധികൃതർ കൈ മലർത്തുകയാണ് ഉണ്ടായതെന്നുമാണ് പരാതി.
ഇതോടെയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. സംഭവത്തിൽ നഷ്ടപ്പെട്ട തുക ബാങ്ക് നൽകണമെന്ന് കമ്മിഷൻ ഉത്തരവിറക്കി. നഷ്ടമായ ഒരു ലക്ഷത്തി അറുപതിനായിരം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകണമെന്നാണ് ഉത്തരവ്.