Uncategorized

ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കും; വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രത്യേക പോര്‍ട്ടല്‍

സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പ്രത്യേക പോര്‍ട്ടലുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.(digital class kerala)

പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് വിദ്യാകിരണം. ‘ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിനൊപ്പം അതത് പ്രദേശങ്ങളില്‍ കണക്ടിവിറ്റി സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി കണക്ടിവിറ്റി പ്രൊവൈഡേഴ്‌സ് ആയിട്ടുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. അത്യപൂര്‍വം പ്രദേശങ്ങളിലൊഴികെ മറ്റിടങ്ങളിലെല്ലാം കണക്ടിവിറ്റി നല്‍കാന്‍ സാധിക്കും’.

സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ ഡിജിറ്റല്‍ ഉപകരണങ്ങളുണ്ടാകണം. പണം കൊടുത്ത് വാങ്ങാന്‍ സാധിക്കാത്ത കുട്ടികള്‍ ഓരോ സ്‌കൂളിലും എത്രയുണ്ടെന്ന് കണ്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍. അധ്യാപകരും രക്ഷകര്‍ത്താക്കളും ഇതിനായി വിവിധ മേഖലകളെ ബന്ധപ്പെട്ടിട്ടുണ്ട്. പൂര്‍വവിദ്യാര്‍ത്ഥികളും നാട്ടുകാരും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെയെല്ലാം പ്രാദേശികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.