പാലക്കാട് തണ്ണിശ്ശേരിയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്ക്കരിച്ചു. പോകുംപടി ജുമാമസ്ജിദിലാണ് മൂന്ന് പേരുടെ മൃതദേഹം ഖബറടക്കിയത്. അയ്ലൂര്‍ സ്വദേശികളുടെ മൃതദേഹം നെന്മാറ വൈദ്യുത ശ്മശാനത്തില്‍ സംസ്ക്കരിച്ചു. അപകടത്തില്‍ പരിക്കേറ്റ 13 വയസുള്ള കുട്ടി ഉള്‍പടെ നാല് പേര് ചികിത്സയിലാണ്.
രാവിലെ ഒമ്പത് മണിയോടെയാണ് ബന്ധുക്കളായ സുബൈര്‍, ഫവാസ്, നാസര്‍, ഉമ്മര്‍ ഫാറൂഖ് എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. വിലാപയാത്രയായി വാടാനംകുറിശിയിലെ തറവാട് വീട്ടിലെത്തിച്ചു. അടുത്ത ബന്ധുക്കള്‍ മൃതദേഹം കണ്ടശേഷം വാടാനംകുറിശി സ്കൂള്‍ മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. നൂറുകണക്കിന് ആളുകളാണ് അവസാനമായി പ്രിയപെട്ടവരെ കാണാന്‍ പൊതുദര്‍ശന വേദിയിലേക്ക് ഒഴുകിയെത്തിയത്.
ഉച്ചക്ക് ഒന്നരയോടെ പോക്കുംപടി ജുമാമസ്ജിദില്‍ സുബൈര്‍, നാസര്‍, ഫവാസ് എന്നിവരുടെ മൃതദേഹങ്ങള്‍ കബറടക്കി. ഷൊര്‍ണൂര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിന്റെ മൃതദേഹം വെട്ടിക്കാട്ടിരി ജുമാമസ്ജിദിലാണ് ഖബറടക്കിയത്.
ആബുലന്‍സ് ഡ്രൈവറായ സുധീറിന്റെ മൃതദേഹം ഇന്നലെ രാത്രിതന്നെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ നെന്മാറ ആറ്റുവായ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ സുധീറിന്റെ മൃതദേഹം ഖബറടക്കി. അയിലൂര്‍ സ്വദേശികളായ വൈശാഖ്, നിഖില്‍, ശിവന് എന്നിവരുടെ മൃതദേഹം രാവിലെ ഏഴരയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ആദ്യം വീടുകളിലും പിന്നീട് അയിലൂര്‍ യൂണിയന് ല്രൈബ്രറി മുറ്റത്തും പൊതു ദര്‍ശനത്തിന് വെച്ചു. നിരവധി ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
12 മണിയോടെ മൂന്നുപേരുടെ മൃതദേഹവും നെന്മാറ വൈദ്യുതി ശ്മശാനത്തില്‍ സംസ്ക്കരിച്ചു. പരിക്കേറ്റ 13 വയസുകാരന് ഷാഫിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ലോറിയിലുണ്ടായിരുന്നവരുടെ പരിക്ക് സാരമുള്ളതല്ല.