Uncategorized

അതിര്‍ത്തി യാത്ര; കര്‍ണാടക ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

കേരള- കര്‍ണാടക അതിര്‍ത്തി യാത്രയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തും. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അതിര്‍ത്തികളില്‍ പരിശോധന നടത്തും.

കൊവിഡ് രണ്ടാം തരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി നിയന്ത്രണമേര്‍പ്പെടുത്താനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. തലപ്പാടി അതിര്‍ത്തിയില്‍ ഇന്നലെയെത്തിയ യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന നിര്‍ദേശവും നല്‍കി.

ഫെബ്രുവരിയില്‍ ഏര്‍പ്പെടുത്തിയ യാത്ര വിലക്കിനെ ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് വീണ്ടും നിയന്ത്രണം. പുതിയ തീരുമാനത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കഴിഞ്ഞ തവണ പ്രതിഷേധങ്ങള്‍ക്ക് മുന്നിലുണ്ടായ എകെഎം അഷറഫ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. വിഷയത്തില്‍ നേരത്തെ ബിജെപി നേതൃത്വം സ്വീകരിച്ച നിലപാട് ജനവിരുദ്ധമാണെന്നും എകെഎം അഷറഫ് പറയുന്നു. വീണ്ടും പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ നിന്ന് തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന പ്രചാരണ വിഷയമാക്കി അതിര്‍ത്തി നിയന്ത്രണത്തെ മാറ്റാനാണ് സ്ഥാനാര്‍ത്ഥിയുടെ കണക്കുകൂട്ടല്‍.