മുതിര്‍ന്ന ബി.ജെ.പി നേതാവും ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രിയുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ ചേർന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഡെറാഡൂണില്‍ നടന്ന റാലിയിലാണ് മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മനീഷിന്റെ വരവ് ഉത്തരാഖണ്ഡില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പിതാവായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മണ്ഡലമായ പൗരിയില്‍ മനീഷ് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് കഴിഞ്ഞ വര്‍ഷം ബി.സി ഖണ്ഡൂരിയെ നീക്കിയിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനീഷ് ഫേസ്‍ബുക്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതേസമയം, മനീഷിന്റെ കോണ്‍ഗ്രസിലേക്കുള്ള ചേക്കറലിനെ ബി.ജെ.പി കാര്യമായെടുത്തിട്ടില്ലെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
മനീഷ് ബി.ജെ.പി അംഗം അല്ലെന്നായിരുന്നു ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ അജയ് ഭട്ട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ അതൊരു പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ബി.ജെ.പി നേതാവും കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നില്ലെന്നും ഭട്ട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഉത്തരാഖണ്ഡിലെ രാഹുല്‍ ഗാന്ധിയുടെ ആദ്യ റാലിയാണ് ഇന്ന് നടന്നത്.