സുശാന്തിന്റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. സുശാന്തിന്‍റെ അവസാന സിനിമയായ ദിൽ ബച്ചാരെ സിനിമയില്‍ പ്രവര്‍ത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. സുശാന്തിന്‍റെ മുൻ മാനേജര്‍ ദിഷ സാലിയന്‍റെ ആത്മഹത്യയും ബിഹാർ പൊലീസ് പരിശോധിക്കുന്നുണ്ട്.
സുശാന്തിന്‍റെ പിതാവ് കെ കെ സിങ് നല്‍കിയ പരാതിയിലാണ് റിയക്കെതിരെ ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങിയത്. റിയയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റിയയുടെ മാതാപാതിക്കൾക്കും സഹോദരനുമെതിരെയും കേസുണ്ട്.
മെയ് 2019 വരെ തന്റെ മകൻ പ്രൊഫഷനിൽ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡിൽ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റിയ പിന്നീട് ആവശ്യപ്പെടുകയുണ്ടായി. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് റിയ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.
ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന് കുടുംബത്തിലെ ചിലർ ആരോപിച്ചു. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചായി ചർച്ച. ബോളിവുഡിലെ കിടമത്സരവും സ്വജനപക്ഷപാതവും കാരണം സിനിമകൾ മുടങ്ങിയതോടെ സുശാന്ത് മാനസികമായി തകർന്നുവെന്നും വിഷാദത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര, ശേഖർ കപൂർ തുടങ്ങി നാൽപതോളം സിനിമാപ്രവർത്തരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു.
#WATCH: Rhea Chakraborty releases video on #SushantSinghRajputDeathCase.
— ANI (@ANI) July 31, 2020
She says, "I've immense faith in God & the judiciary. I believe that I'll get justice…Satyameva Jayate. The truth shall prevail." pic.twitter.com/Fq1pNM5uaP
അതേസമയം കേസ് അന്വേഷണത്തില്‍ ബിഹാര്‍ പൊലീസിനെ സഹായിക്കുന്നത് സംബന്ധിച്ച് മുംബൈ പൊലീസ് നിയമോപദേശം തേടി. കോടതിയുടെ അനുവാദത്തോടെ മാത്രമേ ബിഹാര്‍ പൊലീസിന് മുംബൈ പൊലീസ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിക്കാനാവൂ. റിയയെ ചോദ്യംചെയ്യാന് മുംബൈയിലെ വസതിയില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും തനിക്ക് നീത് ലഭിക്കുമെന്നും റിയ പറയുന്ന വീഡിയോ പിന്നീട് പുറത്തുവന്നു.