കൊച്ചിയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമം. വാഹന വാടക ആവശ്യപ്പെട്ട് ബേക്കറി ഉടമയിൽ നിന്ന് പണം തട്ടാനായിരുന്നു ശ്രമം. സംശയം തോന്നിയ ബേക്കറി ഉടമ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതോടെ തട്ടിപ്പുവീരൻ കാറിൽ രക്ഷപ്പെട്ടു.
ഇടപ്പള്ളി പത്തടിപ്പാലത്തെ റോയൽ സ്വീറ്റ്സ് എന്ന കട ഉടമയിൽ നിന്നാണ് നിന്ന് പണം തട്ടാൻ ശ്രമം നടന്നത്. രാവിലെ ഒമ്പത് മണിയോടെ കടയിലെത്തിയ ആൾ ഫുഡ് സേഫ്റ്റി ഓഫീസറാണെന്ന് സ്വയം പരിചയപ്പെടുത്തി. തുടർന്ന് കടയുടെ പ്രവർത്തനം നിരീക്ഷിക്കുകയും രേഖകൾ ആവശ്യപ്പെട്ട് പരിശോധിക്കുകയും ചെയ്തു. ശേഷം വാഹനത്തിന് വാടക നൽകാൻ 750 രൂപ ആവശ്യപ്പെട്ടു.
സംശയം തോന്നിയ ബേക്കറി ഉടമ ഇയാളെ ചോദ്യം ചെയ്യുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട തട്ടിപ്പുകാരൻ കാറിൽ കയറി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ബേക്കറി ഉടമയായ നൗഷാദ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമാനരീതിയിൽ ഇയാൾ മറ്റു ചില സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായാണ് സൂചന.