പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ സംഘര്‍ഷം ആളിപടരുന്നു. പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു. തലസ്ഥാനമായ ഇത്താനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
കലാപ സമാനമായ സാഹചര്യമാണ് സംസ്ഥാനത്തിപ്പോള്‍. 50ലധികം കാറുകള്‍ക്ക് തീയിട്ടു. കല്ലേറിലും സംഘര്‍ഷത്തിലുമായി പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമേ അഞ്ചോളം തിയേറ്ററുകളും അഗ്നിക്കിരയാക്കി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ തുരത്തി. തലസ്ഥാന നഗരിയില്‍ അക്രമികളെ നേരിടാനായി ഇന്തോ – തിബത്തന്‍ അതിര്‍ത്തി സൈനികരെ വിന്യസിച്ചു. കര്‍ഫ്യൂ പ്രഖ്യാപിച്ചതിന് പുറമേ ഇന്റര്‍നെറ്റ് സേവനവും നിര്‍ത്തിവെച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തുള്ള രണ്ട് സമുദായാംഗങ്ങള്‍ക്ക് സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാനുള്ള ഉപസമിതിയുടെ ശിപാര്‍ശ അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ അംഗീകരിച്ചതിനെതിരെ ആയിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെയാണ് അരുണാചല്‍ പ്രദേശില്‍ സംഘര്‍ഷം ആളിപടര്‍ന്നത്. മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. പ്രതിഷേധക്കാരന് കൊല്ലപ്പെട്ടതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടുക്കം രേഖപ്പെടുത്തി.