Entertainment Uncategorized

കേള്‍ക്കാതിരുന്ന അപ്പുവും, പറയാതിരുന്ന റാമും

മാത്തനേയും അപ്പുവിനേയും അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുപോലെതന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ടവരാണ് റാമും ജാനുവും. മായാനദി, ‘96 എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ പ്രണയജോഡികളാണിവര്‍. ഇരുവരുടേയും നഷ്ടപ്രണയം കണ്ട് കണ്ണു നിറഞ്ഞവരാണ് നാം ഓരോരുത്തരും. മാത്തന് അപ്പുവിനേയും റാമിന് ജാനുവിനേയും സ്വന്തമാക്കാനായിരുന്നെങ്കിലെന്ന് നമ്മളില്‍ പലരും മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ടാവും. മാത്തന്‍, അപ്പു, റാം, ജാനു. ഇവരെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. പ്രത്യേകിച്ച്, പ്രണയത്തിന്റെ കയ്പ്പും മധുരവും അറിഞ്ഞവര്‍ക്ക് ഒട്ടും കഴിയില്ല.

പ്രണയം അങ്ങനെയാണ്. ചിലപ്പോഴൊക്കെ അതിന് ഇരട്ടി മധുരമാണ്. ഒത്തിരി പ്രണയങ്ങളേയും പ്രണയജോഡികളേയും നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞിട്ടും ജീവനു തുല്ല്യം പ്രണയിക്കുന്നവര്‍ ചുരുക്കം ചിലരെ ഉണ്ടാവൂ. അവിടെയാണ് മാത്തന്റെയും റാമിന്റെയും പ്രണയം ശ്രദ്ധിക്കപ്പെടുന്നത്. മാത്തന് അപ്പു എത്രമേല്‍ പ്രിയപ്പെട്ടവളാണെന്നും ജാനുവിനെ റാം എത്രയേറെ പ്രണയിച്ചിരുന്നെന്നും ഇരുവരുടേയും കണ്ണുകളില്‍ നമുക്ക് കാണാനാവും. പ്രണയത്തിന്റെ ഉത്തമ ഉദാഹരണങ്ങളായി കണക്കാക്കാവുന്നവരാണ് മാത്തനും റാമും.


മാത്തന്‍ ശരിക്കും ഒരു പാവമാണ്. ജീവിക്കാനായി കഷ്ട്ടപ്പെടുന്ന ഒരു മനുഷ്യന്‍. അതിജീവനത്തിനായി പോരാടുന്ന ഒരു യുവാവ്. ഒരുപാട് സ്വപ്‌നങ്ങളുണ്ട് മാത്തന്. കയ്യെത്തും ദൂരത്തല്ലെന്നറിഞ്ഞിട്ടും എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഒരായിരം സ്വപ്‌നങ്ങള്‍. അതില്‍ മാത്തന് ഏറെ പ്രിയപ്പെട്ടതാണ് അപ്പു. മാത്തന്റെ പ്രണയം. ശരിയാണ് മാത്തന്‍ അപ്പുവിനെ വേദനിപ്പിച്ചിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ അല്ലറചില്ലറ തരികിടകളൊക്കെ ചെയ്തിട്ടുള്ള ആളുമാണ്. പക്ഷെ, എന്തൊക്കെ ചെയ്താലും മാത്തന്‍ തന്റെ പ്രണയത്തില്‍ സത്യസന്ധനായിരുന്നു. ഒരിക്കല്‍പോലും അപ്പുവിനോടുള്ള പ്രണയത്തില്‍ മാത്തന്‍ മായം ചേര്‍ത്തില്ല. ജീവിതത്തിലെ ഓരോ പ്രതിസന്ധിയിലും അപ്പുവിനെ എങ്ങനെ സ്വന്തമാക്കാം എന്നു മാത്രമാണ് മാത്തന്‍ ചിന്തിച്ചിരുന്നത്. പലപ്പോഴായും അതിനെകുറിച്ച് അപ്പുവിനോട് സംസാരിക്കുന്നുമുണ്ട്. എന്നാല്‍ അപ്പുവാണ് മാത്തനെ കേള്‍ക്കാതിരിക്കുന്നത്. തള്ളിപറഞ്ഞത്. അകറ്റി നിര്‍ത്തിയത്. അതിനെല്ലാം അപ്പുവിന് അപ്പുവിന്റേതായ കാരണങ്ങളുണ്ടായിരിക്കാം. പക്ഷെ, ഒരിക്കലെങ്കിലും മാത്തനെ കേള്‍ക്കാന്‍ അപ്പു തയ്യാറായിരുന്നെങ്കില്‍ ഇത്രമേല്‍ പ്രതിസന്ധികള്‍ മാത്തന് നേരിടേണ്ടി വരില്ലായിരുന്നു. അപ്പുവിന്റെ ഹൃദയത്തില്‍ ഒരിടം മാത്തന്‍ എന്നും ആഗ്രഹിച്ചിരുന്നു. അപ്പു പറിച്ചെറിഞ്ഞതുപോലെ അത്ര എളുപ്പത്തില്‍ അപ്പുവിനെ വേണ്ടെന്നു വെക്കാന്‍ മാത്തന് കഴിഞ്ഞിരുന്നില്ല. ഓരോ തവണ അപ്പുവിനെ കാണാന്‍ പോകുമ്പോഴും മാത്തന് പ്രതീക്ഷയാണ്.

മാത്തനില്‍ നിന്ന് ഏറെ വ്യത്യസ്ഥനാണ് റാം. ജാനുവിനെ ഒന്നു നോക്കാനുള്ള ധൈര്യം പോലും റാമിനില്ല. ജാനുവിനെ ദൂരത്തുനിന്ന് കാണുമ്പോള്‍തന്നെ റാമിന്റെ ഹൃദയം പട പടാ മിടിക്കാന്‍ തുടങ്ങും. ജാനുവെങ്ങാനും അടുത്തുവന്നാലോ പിന്നത്തെ കാര്യം പറയണ്ട, റാമിന്റെ ബോധം എപ്പൊ പോയീന്ന് ചോദിച്ചാല്‍ മതി. ജാനുവാണെങ്കിലോ നേരെ തിരിച്ചും. റാമിന് ഇഷ്ട്ടമാണ് ജാനുവിനെ. പക്ഷെ ജാനുവിന്റെ മുന്നില്‍ നില്‍ക്കാന്‍ റാമിന് ധൈര്യമില്ലായിരുന്നു. റാമിന്റെ ഉള്ളിലെ അപകര്‍ഷതാബോധമായിരിക്കാം ചിലപ്പോള്‍ ജാനുവിനോട് സംസാരിക്കാനുള്ള ധൈര്യം റാമില്‍ നിന്ന് ചോര്‍ത്തി കളഞ്ഞത്.

ജാനുവിന് തന്നെ പ്രണയിക്കാനാവുമോ എന്ന ചോദ്യം എല്ലായിപ്പോഴും റാമിനെ അലട്ടിയിരുന്നു. ജാനുവിനോടു സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം ഒഴിഞ്ഞുമാറുകയാണ് റാം. എന്നാല്‍ റാമിനെ തന്നോട് ചേര്‍ത്ത് നിര്‍ത്താനാണ് ജാനു എന്നും ആഗ്രഹിച്ചിരുന്നത്. റാമിനോട് സംസാരിക്കാനായി ജാനു അവസരങ്ങളൊരുക്കുമായിരുന്നു. സ്‌കൂള്‍ ജീവിതത്തിനുശേഷം ഒട്ടും പ്രതീക്ഷിക്കാതെ പിരിയേണ്ടി വന്ന ഇവര്‍ പരസ്പരം കാണാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിരുന്നില്ല. ജാനു ഇനി തന്നില്‍ ഇല്ലെന്ന് വിശ്വസിച്ച റാം പിന്നീട് തന്റെ ജീവിതം മറ്റൊരു വഴിയിലേക്കാണ് തിരിച്ചുവിടുന്നത്. ഫോട്ടോഗ്രഫി. പിന്നീടങ്ങോട്ട് റാം തന്റെ ജീവിതം ആസ്വദിക്കുകയാണ്. വ്യത്യസ്ഥ സ്ഥലങ്ങളില്‍ പോവുന്നു. ഇഷ്ട്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നു. യാത്രകള്‍ ചെയ്യുന്നു. ജാനുവില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ഒരു ലോകം. പക്ഷെ റാമിന്റെ ഹൃദയത്തില്‍ എന്നും ജാനു ഉണ്ടായിരുന്നു.

ഈ പ്രണയജോഡികള്‍ക്കിടയില്‍ വലിയൊരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായിരുന്നു. അപ്പുവിനോട് സംസാരിക്കാന്‍ മാത്തന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അപ്പു കേള്‍ക്കുന്നില്ല. റാമിനോട് സംസാരിക്കാന്‍ ജാനുവും ശ്രമിക്കുന്നുണ്ട്. എന്നാല്‍ റാം ഒഴിഞ്ഞുമാറുകയാണ്. ഇരുവരും പരസ്പരം മനസ്സുതുറന്ന് സംസാരിക്കുന്നില്ല. ഒരാള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ മറ്റയാള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഒരാള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ മറ്റയാള്‍ പറയാനും തയ്യാറാവുന്നില്ല.

അപ്പുവിനെ മാത്തന്‍ വേദനിപ്പിച്ചിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലെന്നും അറിയാതെ പറ്റിപോയ തെറ്റാണെന്നും മാത്തന്‍ പറയുന്നുമുണ്ട്. എന്നാല്‍ അപ്പു കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. മാത്തന്‍ പറഞ്ഞു തുടങ്ങുമ്പോഴേക്കും അപ്പു തടയുകയാണ്. ബാക്കി പറയാന്‍ അനുവദിക്കുന്നില്ല. പക്ഷെ അപ്പുവിനോട് തുറന്നു സംസാരിക്കാന്‍ മാത്തന്‍ എപ്പോഴും ശ്രമിച്ചിരുന്നു. എന്നെങ്കിലും അപ്പു തന്നെ മനസ്സിലാക്കുമെന്ന പ്രതീഷയായിരുന്നു മാത്തന്. ആ പ്രതീക്ഷയുടെ പുറത്താണ് ഓരോ പ്രാവശ്യവും മാത്തന്‍ അപ്പുവിനെ കാണാന്‍ പോവുന്നത്. മാത്തന്‍ ചോദിക്കുന്നുണ്ട് അപ്പുവിനോട് നമ്മുടെ കാര്യത്തില്‍ എന്തെങ്കിലും പ്രതീക്ഷയുണ്ടോയെന്ന്. അപ്പുവിന്റെ മറുപടി കേട്ട് ഒന്നും മിണ്ടാതെ പോവുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും മാത്തന്‍ അപ്പുവിനോട് സംസാരിക്കാന്‍ വരുന്നുണ്ട്. ഒരോ തവണ അപ്പുവിനെ കാണാന്‍ പോവുമ്പേഴും ഹൃദയത്തില്‍ മുറിവുണ്ടാക്കുന്ന വാക്കുകള്‍ അപ്പുവില്‍ നിന്ന് കേള്‍ക്കേണ്ടി വരുമ്പോഴും ഒരു പുഞ്ചിരിയോടെയാണ് മാത്തന്‍ അതിനെല്ലാം നേരിടുന്നത്. മാത്തന് വേദനിക്കാഞ്ഞിട്ടല്ല , അപ്പുവിന്റെ മുന്നില്‍ അതു പ്രകടിപ്പിക്കുന്നില്ലെന്നെയുള്ളൂ. അവസാനമായി അപ്പുവിനെ കാണാന്‍ പോകുമ്പോഴും അപ്പുവിന്റെ തീരുമാനത്തില്‍ എന്തെങ്കിലും മാറ്റം വന്നാലോയെന്ന് മാത്തന് പ്രതീക്ഷിക്കുന്നുണ്ട്. “എന്നോടൊരു തരി ഇഷ്ട്ടംപോലും തോന്നുന്നില്ലേ” എന്ന് മാത്തന് ചോദിക്കേണ്ടി വന്നത് അപ്പുവിനെ പിരിയാന്‍ മാത്തന്‍ കഴിയാഞ്ഞിട്ടാണ്. “ഞാന്‍ ന്നാ പോയിട്ട് നാളെ വരാമെന്ന് “ മാത്തന്‍ പറയുമ്പോള്‍ മാത്തന്റെ കണ്ണു നിറഞ്ഞത് അപ്പു കണ്ടില്ല. അപ്പുവിന് കേള്‍ക്കാമായിരുന്നു മാത്തനെ. ഒരു അവസരം കൊടുക്കാമായിരുന്നു. മാത്തനെ ഒന്നു മനസ്സിലാക്കാന്‍ അപ്പു ശ്രമിച്ചിരുന്നെങ്കില്‍, മാത്തന് ഈ ലോകത്തോട് വിട പറയേണ്ടി വരില്ലായിരുന്നു. യഥാര്‍ത്ഥത്തില്‍ മാത്തനെ പിരിയാന്‍ അപ്പുവും മനസ്സുകൊണാഗ്രഹിച്ചിട്ടില്ല. പക്ഷെ അപ്പു അത് പ്രകടിപ്പിച്ചില്ല. മാധവിക്കുട്ടി പറഞ്ഞത് പോലെ , “പ്രകടമാവാത്ത സ്‌നേഹം നിരര്‍ത്ഥമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും”. മാത്തന്‍ പോയതിന് ശേഷമാണ് അപ്പു മാത്തനെ അറിഞ്ഞത്. പ്രതീക്ഷിച്ചത്.

എപ്പോഴെങ്കിലും മാത്തന്‍ തിരിച്ചുവരും എന്നെനിക്ക് ഉറപ്പുണ്ട്.

അവനൊന്നും പറ്റില്ല…

പൂച്ചേടെ ജന്മാ…

നാളെ പടം റിലീസ് ആണ്…

സന്തോഷം വരുമ്പോ ഞാന്‍ മാത്തനെ ഓര്‍ക്കും…

ഇങ്ങനെ നടക്കുമ്പോ ചിലപ്പൊള്‍, പെട്ടെന്ന് എവിടെന്നോ അവനെന്റെ അടുത്തേക്ക് ഓടി വരുന്നുണ്ടന്ന് തോന്നും “

മാത്തന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകളാണിത്. മാത്തനുള്ളപ്പോള്‍ അപ്പുവിനത് പറയാമായിരുന്നു. പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ അപ്പുവിനോടൊപ്പം ഇന്നും മാത്തനുണ്ടാവുമായിരുന്നു.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ റാമിനെ മാറ്റി നിര്‍ത്തി ഒരിക്കല്‍ ജാനു ചോദിച്ചിരുന്നു. നിനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന്. പക്ഷെ റാം ഒന്നും പറഞ്ഞിരുന്നില്ല. ജാനുവിനറിയാമായിരുന്നു റാം തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്. റാമിന്റെ രീതികളില്‍ നിന്ന് ജാനു അത് മനസ്സിലാക്കിയതാണ്. പക്ഷെ റാമില്‍ നിന്ന് തന്നെ കേള്‍ക്കാന്‍ ജാനു ആഗ്രഹിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ പിരിയേണ്ടി വന്ന ഇവര്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പരസ്പരം കണ്ടുമുട്ടുന്നത്. അതുവരെ പരസ്പരം സംസാരിക്കാതിരുന്ന അവര്‍ ആ രാത്രിയിലാണ് മനസ്സുതുറന്ന് സംസാരിക്കുന്നത്. ജാനുവിനോടൊപ്പം റാം എന്നും ഒരു നിഴല്‍പോലെ ഉണ്ടായിരുന്നു എന്ന യാഥാര്‍ത്ഥ്യം അപ്പോഴാണ് ജാനു തിരിച്ചറിഞ്ഞത്. ജാനു എപ്പോഴും റാമിനെ പ്രതീക്ഷിച്ചിരുന്നു. എന്നെങ്കിലും റാം തന്നെ തേടിവരുമെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ റാം വന്നപ്പോള്‍ ജാനു അറിഞ്ഞില്ല. റാമിന്റെ പേര് പറയാന്‍ അവള്‍ മറന്നിരുന്നുവെന്ന് റാമും അറിഞ്ഞില്ല. ആ ദിവസം ജാനുവിനോട് നേരിട്ട് സംസാരിക്കാന്‍ റാമിന് ഒന്നു ശ്രമിക്കാമായിരുന്നു. ജാനു താഴേക്ക് വരുന്നതുവരെ കാത്തിരിക്കാമായിരുന്നു. ഒരിത്തിരി ക്ഷമ കാണിക്കാമായിരുന്നു.

റാം ജാനുവിനെ കാണാന്‍ അന്ന് ഒരിക്കല്‍കൂടി ശ്രമിച്ചിരുന്നെങ്കില്‍, പേരു പറയാത്തതുകൊണ്ട് മാത്രം ഇരുവരുടേയും ഉള്ളിലുണ്ടായ വലിയൊരു തെറ്റിദ്ധാരണ അന്നേ തിരുത്താമായിരുന്നു. തന്റെ വിവാഹ ദിവസം മണ്ഡപത്തിലെ ആള്‍ക്കൂട്ടത്തില്‍ ജാനു റാമിനെ തിരഞ്ഞിരുന്നെന്ന് കേള്‍ക്കുമ്പോള്‍ റാം ഒന്നു പതറുന്നുണ്ട്. അതേ ആള്‍ക്കൂട്ടത്തില്‍ ജാനു ആഗ്രഹിച്ചതുപോലെ റാം ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ ജാനുവിനുണ്ടാവുന്ന ഞെട്ടല്‍ അതേ ആഴത്തിലാണ് പ്രേക്ഷകരുടെ ഹൃദയത്തിലും കൊണ്ടത്. അന്നാ ദിവസം റാം വന്നിരുന്നെന്ന് ജാനു അറിഞ്ഞിരുന്നെങ്കില്‍, ജാനു റാമിനെ നഷ്ട്ടപ്പെടുത്തില്ലായിരുന്നു.

പറയുക എന്നതുപോലെ പ്രധാനപ്പെട്ടതാണ് കേള്‍ക്കുക എന്നതും. മിക്കവരും പറയാന്‍ ഇഷ്ടപ്പെടുന്നവരാണ്. പക്ഷെ, കേള്‍ക്കാന്‍ മനസു കാണിക്കാറില്ല. മറ്റു ചിലരോ, പറയുന്നതിനപ്പുറം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്നിടത്താണ് ശരിയായ ആശയവിനിമയം നടക്കുന്നത്. ഒരിക്കലെങ്കിലും മാത്തനെ കേള്‍ക്കാന്‍ അപ്പുവും ജാനുവിനോട് തുറന്നു സംസാരിക്കാന്‍ റാമും തയ്യാറായിരുന്നെങ്കില്‍ ഇരുവര്‍ക്കും പിരിയേണ്ടി വരില്ലായിരുന്നു.