Uncategorized

ഫ്രീലാൻസ് ലൈസൻസ്: അബൂദബി തീരുമാനം പ്രവാസികള്‍ക്ക് ഗുണം ചെയ്യും

വിദേശികൾക്ക് ഫ്രീലാൻസ് ലൈസൻസ് നൽകാനുള്ള അബൂദബി തീരുമാനം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് ഗുണം ചെയ്യും. യോഗ്യത മുൻനിർത്തിയുള്ള ജോലി ലഭിക്കാത്തവർക്കും, സ്വന്തമായി ബിസിനസ് തുടങ്ങാൻ ആവശ്യമായ സാമ്പത്തിക നിക്ഷേപം ഇല്ലാത്തവർക്കുമാണ് ഇത് കൂടുതൽ ഗുണം ചെയ്യുക.

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട നിരവധി പേർക്കും പുതിയ അവസരമായി ഫ്രീലാൻസ് ലൈസൻസ് സംവിധാനം മാറും. സ്പോൺസർഷിപ്പില്ലാതെ ജോലി ചെയ്യാനുള്ള അനുമതിയാണ് ഫ്രീലാൻസ് ലൈസൻസ്. ഓഫിസോ സ്ഥലമോ ആവശ്യമില്ല. മുതൽമുടക്കില്ലാതെ ആർക്കും സ്വന്തം സംരംഭം തുടങ്ങാൻ സാധിക്കും. പുതിയ അവസരം പ്രയോജനപ്പെടുത്താൻ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് രംഗത്തുള്ളത്.

സ്വകാര്യ മേഖലയിൽ നിലവിലുള്ള ജോലിയിൽനിന്നു വേറിട്ട ഒന്നിനാണ് ലൈസൻസിനു അപേക്ഷിക്കുന്നതെങ്കിൽ സ്പോൺസറുടെ അനുമതി ആവശ്യമില്ല. സർക്കാർ ജോലിക്കാർക്കു പക്ഷെ, അനുമതി വേണം. 48 ഇനങ്ങളിലാണ് ലൈസൻസ് അനുവദിക്കുക. പ്രാവീണ്യം തെളിയിക്കുന്ന രേഖയും തൊഴിൽ പരിചയവും ഹാജരാക്കണം എന്ന നിബന്ധന മാത്രമേയുള്ളൂ. വെബ്സൈറ്റ് മുഖേന റജിസ്ട്രേഷൻ പൂർത്തിയായാൽ കൊമേഴ്സ്യൽ ലൈസൻസ് എന്ന ഓപ്ഷനിൽ ക്ലിക് ചെയ്ത് ലൈസൻസിനു അപേക്ഷിക്കാം. രണ്ട് വർഷത്തെ വർക് പെർമിറ്റിന് 540 ദിർഹം ആണ് ഫീസ്.