Uncategorized

സിസ്റ്റര്‍ ലിസിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് എഫ്.സി.സി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസി കുര്യനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചെന്ന ആരോപണം നിഷേധിച്ച് സന്യാസി സഭയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍. ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സിസ്റ്റര്‍ ലൂസിയെ അച്ചടക്ക നടപടി എന്ന നിലക്കാണ് സ്ഥലം മാറ്റിയതെന്നാണ് വിശദീകരണം.

സിസ്റ്റര്‍ ലിസിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചില്ലെന്ന വിശദീകരണവുമായി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറാണ് പ്രസ്താവനയിറക്കിയത്. ബിഷപ്പിനെതിരെ സിസ്റ്റര്‍ മൊഴി നല്‍കിയത് സന്ന്യാസ സമൂഹത്തിന്റെ അറിവോടെയല്ലെന്ന് എഫ്.സി.സി അധികൃതര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

സന്ന്യാസ സമൂഹത്തിലെ അധികാരികളോട് സിസ്റ്ററും കുടുംബവും അപമര്യാദയായി പെരുമാറിയെന്നും എഫ്.സി.സി ആപോപിക്കുന്നു. അച്ചടക്കലംഘനം നടത്തിയതിനാണ് സിസ്റ്റര്‍ ലിസിയെ സ്ഥലം മാറ്റിയത് എന്നാണ് വിശദീകരണം. ഇത് ബിഷപ്പ് ഫ്രാങ്കോക്കെതിരെ സിസ്റ്റര്‍ മൊഴി നല്‍കുന്നതിന് മുന്‍പ് ഉണ്ടായ നടപടിയാണ്. അതുകൊണ്ട് തന്നെ മൊഴി നല്‍കിയത് കൊണ്ടാണ് സ്ഥലം മാറ്റിയത് എന്ന ആരോപണം ശരിയല്ല എന്നും എഫ്.സി.സി പ്രസ്താവനയില്‍ പറയുന്നു.

സിസ്റ്റര്‍ ലിസിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചെന്നത് ശരിയല്ലെന്നും എഫ്.സി.സി വിജയവാഡ പ്രൊവിന്‍സിന്റെ ഉടമസ്ഥതയിലുളള മൂവാറ്റുപുഴയിലെ അതിഥി മന്ദിരത്തില്‍ 12 വര്‍ഷമായി സിസ്റ്റര്‍ ലിസി അനധികൃതമായി താമസിക്കുകയാണെന്നും വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുടെ പ്രസ്താവനയില്‍ പറയുന്നു. ഫെബ്രുവരി 12ന് പുതിയ കോണ്‍വെന്റില്‍ ചുമതലയേറ്റ് മൂന്നു ദിവസത്തിന് ശേഷം അമ്മയുടെ ചികില്‍സയ്‌ക്കെന്ന പേരിലാണ് സിസ്റ്റര്‍ ലിസി നാട്ടിലെത്തിയത്. നാട്ടിലെത്തിയ സിസ്റ്റര്‍ ലിസി കുര്യന്‍ എഫ്.സി.സി സന്യാസ സമൂഹത്തിന്റെ മദര്‍ ജനറലിനെ സന്ദര്‍ശിച്ച് അപമര്യാദയായി പെരുമാറിയെന്നും എഫ്.സി.സി ആരോപിക്കുന്നു.