Uncategorized

ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് നീട്ടികൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികളും കോടതിക്ക് മുന്നില്‍ വരും. ഭൂമി തര്‍ക്കത്തില്‍ ഏത് ബെഞ്ച് വാദം കേള്‍ക്കുമെന്നും എന്ന് മുതല്‍ വാദം കേള്‍ക്കണമെന്നും ഇന്ന് തീരുമാനിച്ചേക്കും.

ലോക്സഭ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാമക്ഷേത്ര വിഷയം രാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്ന് ബാബരി ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്നത്. നേരത്തെ കേസില്‍ വാദം കേട്ട ബെഞ്ചിലെ അംഗമായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ആരെ ഉള്‍പ്പെടുത്തണം? ബെഞ്ച് പൂര്‍ണമായും പുനസംഘടിപ്പിക്കേണ്ടതുണ്ടോ? എന്ന് മുതല്‍ അന്തിമ വാദം കേട്ട് തുടങ്ങണം? തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് സുപ്രീംകോടതി തീരുമാനം കൈക്കൊണ്ടേക്കും.

തുര്‍ച്ചയായി വാദം കേട്ട് കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെയും ആവശ്യം. ഇക്കാര്യം ഇരു സര്‍ക്കാരുകളും കോടതിയില്‍ ആവര്‍ത്തിക്കും. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നിരന്തരം സമ്മര്‍ദ്ദം തുടരുകയാണ്. എന്നാല്‍ കോടതി നടപടികള്‍ തീര്‍‌ന്ന ശേഷം ഭരണകൂടം അതിന്‍റെ കടമ നിര്‍വ്വഹിക്കുമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ദേശീയ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാംലല്ല വിരാജ് മന്നിനും നിര്‍മോഹി അഖാഡക്കും വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീം കോടതിയിലുള്ളത്. പുറമെ ഈ കേസ് വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജികളുമുണ്ട്.