ഒടുവിൽ ഏഷ്യൻ
ഫുട്ബോള്‍ കിരീടം സ്വന്തമാക്കി, ചരിത്രം രചിച്ച് ഖത്തർ. കരുത്തരായ ജപ്പാനെ
ആധികാരികമായി പരാജയപ്പെടുത്തിയാണ് ഖത്തർ തങ്ങളുടെ കന്നി കിരീടത്തിൽ
മുത്തമിട്ടത്. ഒന്നിനെതിരെ മൂന്ന്
ഗോളുകൾക്കാണ് ഏഷ്യൻ പടക്കുതിരകൾക്കു മേൽ ഖത്തർ വിജയം കുറിച്ചത്.
എഴുതി തള്ളിയവർക്കെല്ലാമുള്ള മറുപടിയായിട്ടായിരുന്നു ഖത്തർ അബുദബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പന്തു തട്ടാനിറങ്ങിയത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ടു തവണ ജപ്പാൻ വല കുലുക്കിയ ഖത്തർ, മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. 12ാം മിനിറ്റിൽ മനോഹരമായ സിസര്‍കട്ട് ഗോളിലൂടെ അൽമോസ് അലിയാണ് ഖത്തറിന് ആദ്യ ഗോൾ സമ്മാനിച്ചത്. അധികം വെെകാതെ, 27ാം മിനിറ്റിൽ തന്നെ അബ്ദൽ അസീസ് ഹാതിമിലൂടെ രണ്ടാം തവണയും ജപ്പാൻ വല കുലുക്കി ഖത്തർ ആദ്യ പകുതി പൂർത്തിയാക്കി.